പാവറട്ടി: വെങ്കിടങ്ങ് കണ്ണോത്തിൽ ശക്തമായ മഴയിൽ മതിലിടിഞ്ഞ് വീട് തകർന്നു. മാനകത്ത് അസീസിന്റെ വീടിൻ മുകളിലേക്കാണ് പത്ത് അടി ഉയരത്തിൽ നിന്ന് അയൽവാസി രായംമരക്കാർ അബ്ദുൾ കാദറിന്റെ വീട്ട് വളപ്പിലെ കൂറ്റൻ കരിങ്കൽ മതിൽ വീണത്. തൊട്ടടുത്ത പുഴങ്കരയില്ലത്ത് കാസിമിന്റ വീടിനും ഭീഷണിയായി അവശേഷിക്കുന്ന മതിൽ വീഴുമെന്ന അവസ്ഥയാണ്. അസീസ് ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
കണ്ണോത്ത് ശക്തമായ മഴയിൽ മറ്റൊരു വീടിന്റെ ചുമർ തകർന്നു വീണു. കല്ലിങ്കൽ സതീശിന്റെ ഓട് മേഞ്ഞ വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. ആർക്കും പരിക്കില്ല. സംഭവം അറിഞ്ഞ് വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, വാർഡ് അംഗം അപ്പു ചീരോത്ത്, വർക്കിംഗ് ഗ്രൂപ്പ് അംഗം ഇ.വി. പ്രഭീഷ്, വെങ്കിടങ്ങ് വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.