തൃശൂർ: മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കോർപറേഷൻ കെട്ടിട നിർമ്മാണ അദാലത്തിൽ 327 ഫയലുകൾക്ക് തീരുമാനമായത് ചരിത്രനേട്ടമെന്ന് കോർപറേഷൻ നേതൃത്വം. വയൽ ആയി ബന്ധപ്പെട്ട 5 സെന്റ് ഭൂമിയിൽ താഴെയുള്ളവരുടെ വീട് വയ്ക്കുന്നതിനുള്ള മറ്റു ഫയലുകളിലെയും അപാകതകൾ ഉടൻ പരിഹരിക്കാനും തീരുമാനം.
പി.എം.എ.വൈ, ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 5 സെന്റിൽ താഴെ സ്ഥലമുള്ളതും വേറെ വാസയോഗ്യമായ വീട് ഇല്ലാത്തതുമായ അപേക്ഷകളാണ് തീർപ്പാക്കിയത്. മന്ത്രി നേരിട്ട് നടത്തിയ അദാലത്തിൽ 133 അപേക്ഷകളിൽ 122 അപേക്ഷകൾക്ക് തീരുമാനമായി. ബാക്കിയുള്ള 11 അപേക്ഷകൾ ന്യൂനതകൾ ചൂണ്ടിക്കാണിച്ച് വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടു. 15ന് മുമ്പ് സമർപ്പിച്ച 275 അപേക്ഷകളും അതിനുശേഷം വന്നതടക്കം 327 അപേക്ഷകളും പരിഗണിച്ചു. 70 ശതമാനം ഫയലുകളും തീർപ്പാക്കി. അതോടൊപ്പം ഗവ.സ്ഥാപനങ്ങളായ അഗ്രിക്കൾച്ചറൽ ഓഫീസ്, എം.ടി.ഐ കോളേജ്, ഔഷധി, നിർമ്മിതി എന്നിവർക്ക് പെർമിറ്റ് നൽകാനും തീരുമാനമായി.
തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ്, ഡയറക്ടർ ആർ. ഗിരിജ, കോർപറേഷൻ മേയർ അജിത വിജയൻ, ഡെപ്യൂട്ടി മേയർ പി.റാഫി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എൽ. റോസി, ജോൺ ഡാനിയൽ, പി. സുകുമാരൻ, സി.ബി. ഗീത, ഡി.പി.സി മെമ്പർ വർഗീസ് കണ്ടകുളത്തി, കൗൺസിലർമാരായ അജിത ജയരാജൻ, അനൂപ് ഡേവീസ് കാട, അനൂപ് കരിപ്പാൽ, സതീഷ്ചന്ദ്രൻ, രജനി വിജു, എം.എസ്. സമ്പൂർണ്ണ, ബീന മുരളി, വിൻഷി അരുൺകുമാർ, എ. പ്രസാദ്, ജോർജ്ജ് ചാണ്ടി, എം.കെ. മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
ബാക്കി അപേക്ഷകളും ഉടൻ പരിഹരിക്കും
'' തൃശൂർ കോർപറേഷനിൽ ചരിത്രത്തിലാദ്യമായാണ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇത്രയുമധികം ഫയലുകൾക്ക് പരിഹാരം കാണുന്നത്. പാവപ്പെട്ടവരായ നിരവധിപേരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അദാലത്ത് സഹായകരമായി. ഇത് മറ്റ് നഗരസഭകൾക്ക് മാതൃക കൂടിയാണ്.
15 ന് ശേഷം ലഭിച്ച അപേക്ഷകളാണ് ഇനി തീർപ്പാക്കാനുള്ളത്. അത് അടുത്ത ദിവസം തന്നെ പരിഗണിക്കും. ''
-മേയർ അജിത വിജയൻ