തൃശൂർ: രണ്ട് സെൻ്റ് സ്ഥലത്തെ കടമുറിയിൽ പ്ളാസ്റ്റിക് പാത്രങ്ങളുടെ കച്ചവടം നടത്തിക്കിട്ടിയ തുച്ഛമായ പണവും പതിനാറ് ലക്ഷം രൂപ ലോണും ചേർത്താണ് വർഗീസ്, മുകളിലെ നിലയിൽ നാല് മുറികൾ കൂടി പണിതത്. കൊല്ലം അഞ്ച് കഴിഞ്ഞിട്ടും കെട്ടിടനമ്പർ കിട്ടിയില്ല. പണിതു തീർത്ത കടമുറി വാടകയ്ക്ക് കൊടുക്കാനോ വിൽക്കാനോ കഴിയാതെ നട്ടം തിരിയുന്ന വർഗീസിൻ്റെ പരാതി, ഇന്നലെ ജില്ലാ ആസൂത്രണഭവൻ ഹാളിൽ നടന്ന കെട്ടിട നിർമ്മാണ അനുമതി സംബന്ധിച്ച ജില്ലാതല അദാലത്തിലും പരിഹരിക്കപ്പെട്ടില്ല.
അപകടത്തിൽ ഗുരുതര പരിക്കേറ്റ കാലുമായി ഓടിത്തളരുന്ന പുതുക്കാട് മണ്ടുമ്പാൽ വർഗീസിനോട് ഉദ്യോഗസ്ഥർ പറയുന്നത് സ്ഥിരം പല്ലവി, നിയമം പാലിച്ചിട്ടില്ലെന്ന്. ഏത് നിയമമാണെന്ന് ചോദിച്ചാൽ, മൂന്ന് മീറ്റർ സൺഷേഡ് പുറത്തേക്ക് തള്ളിയതാണ് പ്രശ്നമെന്ന് പറയും പഞ്ചായത്ത് അധികൃതർ. അത് നീക്കം ചെയ്യാമെന്ന് പറഞ്ഞാൽ കടമുറിയുടെ മുന്നിലെ റാമ്പിന് വീതി പോരെന്ന് ചൂണ്ടിക്കാണിക്കും. അതും ശരിയാക്കാമെന്ന് സമ്മതിച്ചാൽ മഴക്കുഴി ഇല്ലെന്ന് പറയും. പിന്നെയും തടസവാദങ്ങൾ മാത്രം. രണ്ട് സെൻ്റിലെ കടമുറിയുടെ ഉടമയോട് വൻകിട വ്യാപാരസ്ഥാപനങ്ങളുടെ നിയമം പറഞ്ഞാണ് വട്ടംകറക്കുന്നതെന്നും പണം കൊടുക്കുന്നവരോട് ഒരു നിയമവും പറയാറില്ലെന്നുമാണ് വർഗീസിൻ്റെ പരാതി. കടമുറികൾ പണിതു തീർത്ത 2014 ൽ തന്നെ പഞ്ചായത്തിൽ വർഗീസ് അപേക്ഷ നൽകിയിരുന്നു.
പുതുക്കാട് സെൻ്ററിലാണ് കടമുറി. ചെറുകിട കച്ചവടക്കാരാണ് വർഗീസിൻ്റെ മുൻ തലമുറക്കാർ. ദേശീയപാതയ്ക്ക് സ്ഥലം അക്വയർ ചെയ്തപ്പോൾ രണ്ട് സെൻ്റ് ബാക്കിയായി. അവിടെയാണ് 54 വയസുകാരനായ വർഗീസ് കച്ചവടം നടത്തുന്നത്. കെട്ടിടനമ്പർ കിട്ടാൻ വർഗീസ് മുട്ടാത്ത വാതിലുകളില്ല. അതിനിടെ കഴിഞ്ഞ വർഷം പുതുക്കാട് സെൻ്ററിൽ ബൈക്കിടിച്ച് കാലിന് ഗുരുതര പരിക്കേറ്റു. കുറച്ചു നാൾ ആശുപത്രിയിലായിരുന്നു. അഞ്ചു മാസം വീട്ടിലും കിടപ്പായി. കച്ചവടം മുടങ്ങി. ഭാര്യ വീട്ടമ്മയാണ്. മകൾ വിവാഹിതയാണ്, മകൻ സ്വകാര്യകമ്പനിയിൽ ജീവനക്കാരനും. കച്ചവടത്തിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വേണം വർഗീസിൻ്റെ കുടുംബം പുലരാൻ.
''കളക്ടറേറ്റിൽ അദാലത്ത് നടക്കുന്ന വിവരം പോലും പഞ്ചായത്തിലെ ആരും അറിയിച്ചില്ല. പത്രങ്ങളിൽ കണ്ടാണ് അദാലത്തിനെത്തിയത്. കെട്ടിടനമ്പർ കിട്ടാൻ ഇനി എന്തു ചെയ്യണമെന്ന് അറിയില്ല.''
- വർഗീസ്