റേഞ്ച് ഓഫീസർ ഉൾപ്പെടെ ആറ് പേർക്കെതിരെ അന്വേഷണം
തൃശൂർ: മാന്ദാമംഗലം, പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ പരിധിയിൽ നിന്നും മരം മുറിച്ചു കടത്തിയ സംഭവത്തിൽ റേഞ്ച് ഓഫീസർ ഉൾപ്പെടെ ആറ് പേർക്കെതിരെ അന്വേഷണത്തിന് തൃശൂർ വിജിലൻസ് കോടതി ഉത്തരവ്. പട്ടിക്കാട് റേഞ്ച് മുൻ ഓഫീസർ എം.കെ. രഞ്ജിത്ത്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായ കെ. ശിവൻ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അബ്ദുൾ ലത്തീഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി.എൽ. സാജു, എം.എം. ബിനുകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണം.
പീപ്പിൾസ് യൂണിയൻ ഫൊർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) പ്രസിഡൻ്റ് ടി.കെ. വാസു നൽകിയ പരാതിയിലാണ് അന്വേഷണം. പട്ടിക്കാട് വനമേഖലയിലെ വിലപിടിപ്പുള്ള മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റാൻ മില്ലുടമകൾക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തു കൊടുത്തുവെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. വിവരാവകാശ പ്രകാരമുള്ള വിവിധ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും കോടതി പരിശോധിച്ചാണ് അന്വേഷണത്തിന് കോടതി നിർദ്ദേശം.
മാന്ദാമംഗലം വനമേഖലയിൽ നിന്നും കോടികളുടെ മരം കടത്തിയെന്ന് വനംവകുപ്പിന്റെ വിജിലൻസും, ഫ്‌ളയിംഗ് സ്‌ക്വാഡും കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മരംകടത്തിൽ ബന്ധമുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. മരംകടത്ത് കേസിൽ കീഴടങ്ങിയ ചേരുംകുഴി ബൈജു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതും അന്വേഷണ ഉത്തരവിൽ കോടതി വ്യക്തമാക്കി. തൃശൂർ വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ നിർദ്ദേശം.