anil-akkara

തൃശൂർ: രമ്യ ഹരിദാസ് എം.പിക്ക് കാർ വാങ്ങാനുള്ള യൂത്ത് കോൺഗ്രസിന്റെ ശ്രമങ്ങളെ വിമർശിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആക്ഷേപമുയർത്തി അനിൽ അക്കര എം.എൽ.എ. സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെയായി മുല്ലപ്പള്ളിയുടെ നടപടിയെന്ന് അനിൽ അക്കര പറഞ്ഞു. കെ.പി.സി.സി യോഗത്തിന് മുല്ലപ്പള്ളി എം.എൽ.എമാരെ ക്ഷണിക്കാറില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

യൂത്ത് കോൺഗ്രസുകാർ പിരിവിട്ട് രമ്യ ഹരിദാസ് എം.പിക്കു കാർ വാങ്ങാനുള്ള തീരുമാനമെടുത്തതിന് പിന്നിൽ അനിൽ അക്കര എം.എൽ.എയായിരുന്നു. സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് നടപടിയെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു. പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷന്റെ നിർദ്ദേശം അംഗീകരിക്കുന്നെന്ന് രമ്യയും അറിയിച്ചു.

സി.പി.എമ്മിന്റെ വിമർശനത്തിന് പിന്നാലെ, മുല്ലപ്പള്ളി പരസ്യമായി രംഗത്ത് വന്നതിനെ തുടർന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ ദിവസം മുല്ലപ്പള്ളിക്കെതിരെ വിമർശനമുയർത്തി അനിൽ അക്കര ഫേസ്ബുക്കിലും പോസ്റ്റ് ഇട്ടിരുന്നു.

അനിൽ അക്കരയുടെ പോസ്റ്റ്

തൃശൂർ ഡി.സി.സിക്ക് പ്രസിഡന്റില്ല, ഞങ്ങൾക്കും വേണ്ടേ ഒരു പ്രസിഡന്റ്. ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് കെ.പി.സി.സി പ്രസിഡന്റാണ് .

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

അഡ്വ. സുനിൽ ലാലൂരിന്റെ പോസ്റ്റ് :

'ഞങ്ങളുടെ ഡി.സി.സിക്കു പ്രസിഡന്റിനെ വേണം. ഞങ്ങൾ യൂത്ത് കോൺഗ്രസുകാർക്ക് പിരിവെടുത്ത് വയ്ക്കാൻ കഴിയില്ലല്ലോ?. ജില്ലയിലെ സംഘടനാ പ്രവർത്തനം ഒരു മാസമായി അഴിഞ്ഞ മട്ടിലാണ്''.