വടക്കഞ്ചേരി: കഴിഞ്ഞ പ്രളയത്തിൽ തകർന്നു തരിപ്പണമായി റോഡു പോലും ഒലിച്ചുപോയ വടക്കാഞ്ചേരി നഗരസഭയിലെ ചാത്തൻ ചിറ ഡാമിന് പുനരുജ്ജീവനം. ജലസമൃദ്ധിയാൽ സമ്പന്നമായ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാൻ വീണ്ടും സന്ദർശകരെത്തി തുടങ്ങി.
അര നൂറ്റാണ്ടു മുൻപ് എൻ.കെ. ശേഷൻ എം.എൽ.എ ആയിരുന്ന കാലത്താണ് കർഷകരെ സഹായിക്കാനും ഒപ്പം പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിനുമായി വടക്കഞ്ചേരി നഗരസഭയിലുൾപ്പെട്ട ചാത്തൻ ചിറഡാമിന് രൂപം നൽകിയത്. എന്നാൽ പിന്നീടുണ്ടായ ചോർച്ചയും ഡാം നിർമ്മാണത്തിലെ അശാസ്ത്രീയതയും വെള്ളം സംഭരിച്ചു വെക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കി. കഴിഞ്ഞ പ്രളയകാലത്ത് ഡാം പല ഭാഗങ്ങളിലും തകർന്നതോടെ വടക്കഞ്ചേരിയിലെയും എരുമപ്പെട്ടിയിലെയും കർഷകരും സാമൂഹിക പ്രവർത്തകരും പ്രകൃതി സ്‌നേഹികളും ഡാം സംരക്ഷണ സമിതിയുണ്ടാക്കുകയും കളക്ടറെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. കാർഷിക സരോവരം പദ്ധതിയിലുൾപ്പെടുത്തി കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപറേഷനെ നിർമ്മാണ ചുമതലയേൽപ്പിച്ചു. ഒരു കോടി 59 ലക്ഷം രൂപ ചെലവഴിച്ച് ഡാമിന്റെ പുനർ നിർമ്മാണം സാദ്ധ്യമാക്കുകയും ചെയ്തു.
ചുറ്റും മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഡാം ചുറ്റും കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. നിലവിൽ പ്രതിവർഷം പതിനായിരത്തോളം സന്ദർശകർ ഇവിടെയെത്തുന്നുണ്ടെന്ന കണക്കു തന്നെ ഈ പ്രദേശത്തെ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകളിലേക്കു വിരൽ ചൂണ്ടുന്നു. മാത്രമല്ല നഗരസഭയിലെയും എരുമപ്പെട്ടി പഞ്ചായത്തിലെയും കാർഷിക സമൃദ്ധിക്കും അത് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
......................
ടൂറിസത്തിന് മുതൽക്കൂട്ട്
ജലസമൃദ്ധിയിൽ ഡാം
ഡാമിന്റെ പുനർ നിർമ്മാണത്തിന് ചെലവഴിച്ചത് ഒരു കോടി 59 ലക്ഷം രൂപ
ഡാം ചുറ്റും കെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും നിലനിൽക്കുന്നു
പ്രതിവർഷം പതിനായിരത്തോളം സന്ദർശകർ
വടക്കഞ്ചേരിയിലെയും എരുമപ്പെട്ടിയിലെയും കാർഷിക സമൃദ്ധിക്കും സഹായം