vadakkekkadrationkada
വടക്കേകാടിലെ ലൈസൻസ് റദ്ദാക്കിയ റേഷൻ കട

വടക്കേക്കാട്: തിങ്കളാഴ്ച്ച നടന്ന പരിശോധനയിൽ 98 ചാക്ക് അരി കുറവ് കണ്ടെത്തിയ 194, 196 റേഷൻ കടയുടെ ലൈസൻസ് റദ്ദാക്കിയതായി ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. താൽക്കാലിക സംവിധാനം എന്ന നിലയിൽ 194ാം നമ്പർ റേഷൻ കട കൊച്ചന്നൂരിലുള്ള 195ാം നമ്പറിലേക്കും 196ാം നമ്പർ കുഴിങ്ങരയിലുള്ള 216ാം നമ്പറിലേക്കും അറ്റാച്ച് ചെയ്തു.

കല്ലിങ്ങലിലുള്ള റേഷൻ കടയിലെ നിലവിലുണ്ടായിരുന്ന റേഷൻ സാധനങ്ങൾ ഇന്നലെ തന്നെ ഉടമസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചന്നൂർ റേഷൻ കടയിലേക്ക് മാറ്റി. പണം നൽകിയിട്ടും റേഷൻ വിഹിതം ലഭിക്കാത്ത നൂറു കണക്കിന് പേർ ഉദ്യോഗസ്ഥരുടെ മുന്നിൽ പരാതിയുമായി എത്തി.

അതേ സമയം ആറുമാസം മുമ്പ് അമ്പതോളം ചാക്ക് അരി സ്റ്റോക്കിൽ കുറവ് കണ്ടെത്തി റദ്ദ് ചെയ്യപ്പെട്ട റേഷൻ കട അതേ വ്യക്തി തന്നെ പിന്നീട് ഇത്രകാലം നടത്തിയിട്ടും അതിനെതിരെ ഒരു നടപടിയും താലൂക്ക് സപ്ലൈ ഓഫീസർ എടുത്തിട്ടില്ല. മാത്രമല്ല റേഷൻ ഉടമകളുടെ അസ്സോസിയേഷനുകൾ തമ്മിലുള്ള തർക്കവും, ഉദ്ദ്യോഗസ്ഥർകിടയിൽ നടക്കുന്ന അവിഹിത ഇടപെടലുകളും ഇത്രയും ഭീമമായ അഴിമതികൾ റേഷൻ കടകളിൽ നടക്കുന്നതിന് കാരണമാകുന്നെന്ന ആരോപണവുമുണ്ട്. ലൈസൻസ് റദ്ദാക്കപ്പെട്ട റേഷൻ കട മുമ്പ് നടപടി നേരിട്ട റേഷൻ കടയുടമകളുടെ പേരിലേക്ക് അറ്റാച്ച് ചെയ്യാൻ ഉദ്ദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെ ശ്രമം നടന്നെങ്കിലും പഞ്ചായത്തംഗം അഷറഫ് പാവൂരയിലിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.