തൃശൂർ: ജില്ലയിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് പെർമിറ്റിന് അപേക്ഷിച്ച കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കി ക്രമീകരിച്ച് അപേക്ഷിക്കാൻ പഞ്ചായത്ത് കെട്ടിട നിർമാണ അദാലത്തിൽ നിർദേശം. കെട്ടിട നിർമാണ ചട്ടങ്ങളുടെ ലംഘനം, നെൽവയൽ തണ്ണീർത്തട നിയമം, തീരദേശ നിയമം എന്നിവ ന്യൂനതയായുള്ള ഫയലുകളിൽ അടിയന്തര നടപടിയെടുക്കാനും ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന കെട്ടിട നിർമാണ അദാലത്തിൽ തീരുമാനമായി.
ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിൽ നടപടി അവശേഷിക്കുന്ന കെട്ടിട നിർമാണ പെർമിറ്റ്, കെട്ടിട നമ്പറിംഗ്, ക്രമവത്കരണ അപേക്ഷകളിലും അദാലത്തിൽ തീർപ്പു കൽപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, തദ്ദേശ എൻജിനിയറിംഗ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഡേവിഡ് ജോൺ ഡി. മോറീസ്, ഡെപ്യൂട്ടി ടൗൺ പ്ലാനർ സുമതി, നാഷണൽ ഹൈവേ അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ സലില, പഞ്ചായത്ത് സെക്രട്ടറിമാർ, അസി. എൻജിനീയർമാർ എന്നിവർ നേതൃത്വം നൽകി.
82 എണ്ണത്തിന് അനുമതി
അദാലത്തിൽ ലഭിച്ച 262 കെട്ടിട നിർമാണ അപേക്ഷകളിൽ 82 എണ്ണത്തിന് അനുമതി നൽകി. എട്ട് അപേക്ഷകൾ നിരസിച്ചു. മറ്റുള്ളവയുടെ അനുമതി കൂടി ലഭിച്ച് അനുവദിക്കാവുന്ന 172 എണ്ണം അപേക്ഷകൾ മാറ്റിവച്ചു. ഇവയ്ക്ക് പ്രാദേശിക നിരീക്ഷണ സമിതി, ആർ.ഡി.ഒ, ഫയർ എന്നീ വകുപ്പുകളുടെ അനുമതി ലഭിച്ച ശേഷമേ പെർമിറ്റ് നൽകൂ.