പാവറട്ടി: ഇടിയഞ്ചിറ റഗുലേറ്ററിന് മുൻവശത്തെ താൽക്കാലിക വളയം കെട്ട് മാറ്റിയില്ല, അമ്പത് വീടുകളിൽ വെള്ളം കയറി. തണ്ണീർ കായലിനരിക്, വാണി വിലാസം സ്‌കൂളിനരിക്, മുല്ലശ്ശേരി ഹനുമാൻകാവ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ളവർ ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടി.

കെ.എൽ.ഡി.സി കനാലിലെ ചണ്ടി, പുല്ല്, മറ്റു തടസങ്ങൾ മാറ്റാത്തതും നീരൊഴുക്ക് തടസപ്പെടാൻ ഇടയാക്കി. അശാസ്ത്രീയമായാണ് വളയം കെട്ട് പൊട്ടിച്ചതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. വളയം കെട്ടിന്റെ മദ്ധ്യഭാഗം പൊട്ടിക്കുന്നതിന് പകരം വളയം കെട്ടിലേക്ക് പോകുന്ന ഭാഗമാണ് ആദ്യം പൊട്ടിച്ചത്. ഇത് കാരണം മദ്ധ്യഭാഗം പൊട്ടിക്കാൻ സാധ്യമല്ലാതായി. റഗുലേറ്ററിലെ ജലനിരപ്പും വളയംകെട്ടിന്റെ പൊട്ടിയ ഭാഗത്തെ ജലനിരപ്പും ഏകദേശം ഒരു മീറ്ററിലധികം ഉയരമാണിപ്പോഴുള്ളത്. ഈ തടസം മാറ്റിയാൽ വീടുകളിലെ വെള്ളം ഒഴുകി പോവുകയും സാധാരണ നിലയിലേക്ക് കുടുംബങ്ങൾക്ക് താമസിക്കാനുമാകും. പല വീടുകൾക്ക് കേട്പാടുകളും സംഭവിച്ചിട്ടുണ്ട്.

വെള്ളം കയറിയ വീടുകൾ തിങ്കളാഴ്ച്ച രാത്രി തന്നെ വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പത്മിനി, വൈസ് പ്രസിഡന്റ് കെ.വി. മനോഹരൻ, വാർഡ് അംഗം അഷ്‌റഫ് തങ്ങൾ, സജ സാദത്ത്, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ കെ.എ. ബാലകൃഷ്ണൻ, കെ.കെ. ബാബു, സി.എം. സുരേഷ് ബാബു, കെ.എ. സതീഷ്, കെ.ജെ. സുമേഷ് എന്നിവർ സന്ദർശിച്ചു. വെള്ളം കയറി ദുരിതം അനുഭവിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ക്ഷണിച്ചെങ്കിലും ബന്ധുവീടുകളിലും അയൽ വീടുകളിലും താമസിക്കാനാണവർ താൽപര്യം കാണിച്ചത്.

......................................

ദുരിതമായി വളയം കെട്ട്

തണ്ണീർ കായലിനരിക്, വാണി വിലാസം സ്‌കൂളിനരിക്, മുല്ലശ്ശേരി ഹനുമാൻകാവ് പരിസരങ്ങളിലാണ് വെള്ളം കയറിയത്

കെ.എൽ.ഡി.സി കനാലിലെ ചണ്ടി, പുല്ല്, മറ്റു തടസങ്ങൾ മാറ്റാത്തത് നീരൊഴുക്ക് തടസപ്പെടാൻ ഇടയാക്കി

അശാസ്ത്രീയമായി വളയം കെട്ട് പൊട്ടിച്ചതും വിനയായി

വെള്ളം കയറി പല വീടുകൾക്ക് കേട്പാടുകളും സംഭവിച്ചു

അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണാൻ ജില്ലാ കളക്ടറും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും താഹസിൽദാരും സംഭവ സ്ഥലം സന്ദർശിക്കണം. അടിയന്തര സാമ്പത്തിക സഹായം കുടുംബങ്ങൾക്ക് നൽകണം

- പി.കെ. പത്മിനി (വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ്)