ചാലക്കുടി: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച് പുഴയിൽ ചാടിയ ആളെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. അന്നനാട് പടയാട്ടി ജോസാണ് (45) പുഴയിൽ ചാടിയത്. പരിക്കേറ്റ ഭാര്യ സീമയെ (40) സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് സ്വന്തം വീട്ടിൽ വച്ച് ഇയാൾ ഭാര്യയെ വെട്ടിയത്. പിന്നീട് സ്‌കൂട്ടറിൽ എത്തിയാണ് ദേശീയ പാതയിലെ പുഴമ്പാലത്തിന് മുകളിൽ നിന്നും താഴേക്ക് ചാടിയത്. ഈ സമയം പുഴയിൽ കുളിച്ചു കൊണ്ടിരുന്ന ബോബി എന്ന തൊഴിലാളിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കുത്തൊഴുക്കുള്ള പുഴയിൽ നിന്നും സാഹസികമായിരുന്നു ബേബിയുടെ രക്ഷാപ്രവർത്തനം. കരയിലെത്തിയ ഇയാൾ മുകളിലേക്ക് കയറാൻ കൂട്ടാക്കാതിരുന്നപ്പോൾ കൈകാലുകൾ ബന്ധിച്ച ശേഷം ബേബി വിവരം പൊലീസിനെ അറിയിച്ചു. ഇതോടൊപ്പം എത്തിയ ഫയർഫോഴ്‌സും ചേർന്ന് ഇയാളെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. സുഖം പ്രാപിച്ച ജോസിനെ പീന്നീട് കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇക്വഡോറിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ജോസും ഭാര്യ സീമയും ഈയിടെയാണ് നാട്ടിലെത്തി അന്നനാട് വീട് വാങ്ങിയത്. ഇതേച്ചൊല്ലിയുള്ള തർക്കമാണ് സ്ഥിരമായ കുടുംബ കലഹത്തിലെത്തിയത്. രക്ഷാപ്രവർത്തനം നടത്തിയ ബേബി നേരത്തെയും സാഹസിക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തകനായ ഇയാൾക്ക് പലയിടത്തും ആദരവും നൽകി.