ചാലക്കുടി: പൂലാനിയിലെ പെരിങ്ങാത്ര മോഹനന് കൃഷിയിടത്തിൽ നിന്നും ഇക്കുറിയും തിരിച്ചടി. ശക്തമായ കാലവർഷത്തിൽ ചാലിപ്പാടത്തെ നാലേക്കർ കപ്പക്കൃഷി വെള്ളത്തിലായി. തൊട്ടടുത്ത പാടശേഖരത്തിൽ 1500 നേന്ത്രവാഴകളുടെ അവസ്ഥയും ഇതുതന്നെ. വിളവെടുക്കാൻ രണ്ടുമാസം കൂടിയുള്ളപ്പോഴാണ് കപ്പത്തോട്ടത്തിലേക്ക് വെള്ളം എത്തിയത്.

നാലു ദിവസമായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കിഴങ്ങുകൾ ചീഞ്ഞുതുടങ്ങി. രണ്ടു ദിവസം കൂടി ഈ അവസ്ഥ തുടർന്നാൽ കപ്പക്കൃഷി മൊത്തമായി നശിച്ചുപോകും. മഴവെള്ള ഭീഷണിയെ തുടർന്ന് ഒരുഭാഗത്തു നിന്നും പറിച്ച് വിൽപ്പന നടത്തിയെങ്കിലും പകുതി വില പോലും ലഭിച്ചില്ല. കഴിഞ്ഞ പ്രളയത്തിൽ മോഹനൻ പാട്ടത്തിനെടുത്ത അമ്പതേക്കർ പാടശേഖരങ്ങളിലെ മുഴുവൻ കാർഷിക വിളകളും നശിച്ചുപോയിരുന്നു.

അമ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. സർക്കാർ നഷ്ടപരിഹാരമായി നൽകിയത് അഞ്ചു ലക്ഷവും. ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ കുടിശികയുമായി. വായ്പകൾക്ക് സംസ്ഥാന സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചതിനാൽ തത്കാലം ആശ്വാസം കൊള്ളുന്നതിനിടയിലാണ് മറ്റു വായ്പകളെടുത്ത് മോഹനൻ ഇക്കുറിയും കൃഷിയിടത്തിലേക്ക് എത്തിയത്.

ഇതേ പാടശേഖരത്തിൽ മറ്റു കർഷകരുടെയും കാർഷിക വിളകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. കണ്ണമ്പിള്ളി പോളി, വടക്കുംതല കൊച്ചപ്പൻ എന്നിവരുടെ ഒരേക്കർ വീതം കപ്പത്തോട്ടത്തിലും വെള്ളംകയറി. കണ്ണാട്ടുപറമ്പൻ ജിനോയിയുടെ ഒന്നരേക്കർ കപ്പക്കൃഷിയാണ് നശിക്കുന്നത്. പെരിങ്ങാത്ര രാജുവിന്റെ കപ്പകൃഷിയും 1500 വാഴകളും വെള്ളത്തിലായി.