കൊടുങ്ങല്ലൂർ: ബി.പി.എൽ ലിസ്റ്റിൽ പുതുതായി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൊതുജനത്തെ ബുദ്ധിമുട്ടിച്ച് കൊണ്ടാവരുതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ഫലം കണ്ടു. അപേക്ഷ സ്വീകരിക്കലും ഹിയറിംഗും അതാത് പഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തണമെന്ന ആവശ്യം താലൂക്ക് സ്പ്‌ളൈ അധികൃതർ അംഗീകരിച്ചു. ഇത് പ്രകാരം പഞ്ചായത്ത് തലത്തിൽ അപേക്ഷ സ്വീകരിക്കലും ഹിയറിംഗും നടത്തും. വ്യാഴാഴ്ച്ച മുതൽ അതാത് പഞ്ചായത്തുകളിലും വില്ലേജ് ഓഫീസിലും അപേക്ഷ സ്വീകരിക്കാനും മറ്റൊരു ദിവസം ഹിയറിംഗ് നടത്താനും ധാരണയായി.
നഗരത്തിലെ മിനിസിവിൽ സ്റ്റേഷനിൽ നിശ്ചയിച്ച അപേക്ഷ സ്വീകരിക്കലിനും കൂടിക്കാഴ്ചയ്ക്കുമായി ഇരുപത് കിലോമീറ്റർ അകലെ നിന്നു പോലും എത്തുന്ന ഗുണഭോക്താക്കൾ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നിരുന്നു. വേണ്ടത്ര സമയം അനുവദിക്കാതെയുള്ള ഇത്തരം അപേക്ഷ സ്വീകരിക്കലിനെതിരെ സപ്‌ളൈ ഓഫീസറെ തടഞ്ഞു വച്ചുള്ള കോൺഗ്രസ് പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധ സമരത്തിന് എറിയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ ഷംസുദീൻ, പി.പി ജോൺ, പി.ബി മൊയ്തു, റഷീദ് പോനാക്കുഴി, ഒ.എ ജെൻട്രി, സുനിൽ മേനോൻ, സി.എ റഷീദ്, കെ.എം സാദത്ത് എന്നിവരാണ് നേതൃത്വം നൽകിയത്