കല്ലൂർ : അന്ധമായ രാഷ്ട്രീയവിരോധം മാറ്റിവച്ച് എല്ലാവരും കേരള ബാങ്കിനെ പിന്തുണയ്ക്കണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. കല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള ബാങ്ക് യാഥാർത്ഥ്യമാകുമ്പോൾ ആറായിരത്തോളം വരുന്ന സഹകരണ സംഘങ്ങൾ ആധുനിക സാങ്കേതിക കേന്ദ്രങ്ങളായി മാറും. പ്രാഥമിക സഹകരണ ബാങ്കുകൾ ഇതോടെ ശക്തിപ്പെടും. ഉപഭോക്താവിന് വിരൽത്തുമ്പിൽ സർവീസ് ലഭിക്കുന്ന ന്യൂജൻ ബാങ്കുകളായി സഹകരണബാങ്കുകളെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാൻ സഹകരണമേഖല 2,200 വീടുകൾ നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത് ജനങ്ങളോടുള്ള പ്രതിബന്ധതയുടെ ഭാഗമാണെന്നും, ഇത് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ബലത്തിൽ ആണെന്നും മന്ത്രി പറഞ്ഞു. ആലേങ്ങാട് ബത്‌ലഹേം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ. എ രാജൻ അദ്ധ്യക്ഷനായി. വിവിധ പരീക്ഷയിൽ ഉന്നതമായി വിജയിച്ചവർക്കുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിതരണം ചെയ്തു. ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം മേയർ അജിത വിജയൻ, ബാങ്ക് മുൻ പ്രസിഡന്റുമാരെ ആദരിക്കൽ ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, ബാങ്കിന്റെ ലോഗോ പ്രകാശനം മുൻ യുവജനക്ഷേമ ബോർഡ് അംഗം കെ.പി പോൾ എന്നിവർ നിർവഹിച്ചു. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ കുട്ടൻ, വൈസ് പ്രസിഡന്റ് കെ. സി സന്തോഷ്, രാഷ്ട്രീയ പ്രതിനിധികളായ എൻ. എൻ ദിവാകരൻ, പി. ജി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.