കൊടുങ്ങല്ലൂർ: പാർക്കിംഗ് സ്ഥലമില്ലാത്തതിന്റെ പേരിൽ വ്യാപാരികൾക്ക് ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യം കൂടി മുന്നിൽ വച്ച് വടക്കെനടയിലെ പാതയോരത്തെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കാൻ നഗരസഭ നീക്കം തുടങ്ങി. വടക്കെനടയോട് ചേർന്ന് സ്ഥലമുളള സ്വകാര്യ വ്യക്തികളെ സഹകരിപ്പിച്ച് പേ പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ഉറപ്പാക്കിയാണ് ക്രമീകരണം. പാർക്കിംഗ് ഫീസ് വ്യാപാര സ്ഥാപനങ്ങളിലൂടെ, വാഹന ഉടമകൾക്ക് തിരികെ ലഭിക്കാനുള്ള സൗകര്യവും ഉറപ്പാക്കുമെന്ന് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്ന ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. വ്യാപാരികളെ കൂടി പദ്ധതിയിൽ സഹകരിപ്പിക്കും. വടക്കെനടയിൽ പ്രത്യേകിച്ച് റോഡിന് കിഴക്ക് ഭാഗത്ത് വാഹനങ്ങളുടെ പാർക്കിംഗ് പൂർണ്ണമായും നിരോധിക്കും. വടക്കെനടയിൽ താലൂക്ക് ആശുപത്രി വക സ്ഥലത്തെ പേ പാർക്കിംഗ് ഏരിയയ്ക്ക് എതിർവശത്ത് കെ.ആർ ബേക്‌സിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലമാകും പുതുതായി പേ പാർക്കിംഗ് ഏരിയ ആക്കുകയെന്നാണ് സൂചന..