അപകടങ്ങൾ തുടരുന്നു
ചെലവ് എസ്റ്റിമേറ്റിന്റെ ഇരട്ടിയാകുമോ
തൃശൂർ: കുതിരാൻ തുരങ്കമുൾപ്പെടെ, മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ പണി ഏറ്റെടുത്ത കെ.എം.സി കമ്പനിക്ക് നിർമാണം തീർക്കണമെങ്കിൽ വേണ്ടത് 250 കോടി. വായ്പ തരപ്പെടുത്താനുള്ള ശ്രമം പാളിയാൽ ദേശീയപാത പഴയപടി തുടരും. ഏതാണ്ട് ഒരു വർഷമായി നിർമ്മാണ പ്രവർത്തനം നിലച്ചതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും ദേശീയപാതയിൽ തുടരുകയാണ്. ഇന്നലെ പറവട്ടാനിയിൽ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ക്ലീനറുടെ കാൽ മുറിഞ്ഞുപോയിരുന്നു.
കരാർ കമ്പനിക്ക് ദേശീയപാതാ അതോറിറ്റി നൽകുന്ന ഗ്രാന്റ് പൂർണമായും നൽകിക്കഴിഞ്ഞു. ബാക്കിയുള്ള തുക കരാർ കമ്പനി തന്നെ കണ്ടെത്തണം. ബാങ്കിൽ നിന്നുള്ള വായ്പയും പൂർണമായി ലഭിച്ചു. കുതിരാൻ തുരങ്കനിർമാണം ഉപകരാറെടുത്തിട്ടുള്ള പ്രഗതി ഗ്രൂപ്പിനും മറ്റ് ഉപകരാറുകാർക്കും നൽകാനുള്ളതും ജീവനക്കാരുടെ ശമ്പളവുമുൾപ്പെടെ 50 കോടിയോളം രൂപ കെ.എം.സി. കുടിശ്ശിക വരുത്തിയിട്ടുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് തുക വായ്പയെടുക്കാനുള്ള നടപടിയിലാണെന്നാണ് ആന്ധ്ര ആസ്ഥാനമായ കെ.എം.സി കമ്പനിയുടെ അധികൃതർ ആവർത്തിക്കുന്നത്. തുരങ്കങ്ങൾ ഉൾപ്പെടെ 614 കോടിയായിരുന്നു എസ്റ്റിമേറ്റ് . ഇപ്പോൾ അത് 1019 കോടിയായി. ദേശീയപാതയുടെ നിർമാണത്തിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി കേന്ദ്ര വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്. മാസങ്ങളായി കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയുടെ ഓഫീസിന് മുന്നിൽ ജീവനക്കാർ സമരം നടത്തിയിരുന്നു. ഇതരസംസ്ഥാനക്കാരായ ഒരു വിഭാഗം ജീവനക്കാർ ജോലി രാജിവെച്ച് നേരത്തെ നാട്ടിലേക്ക് പോയി.
കുതിരാൻ തുരങ്ക നിർമ്മാണ പ്രവർത്തനം കഴിഞ്ഞ 11 മാസമായി നിലച്ചതുമായി ബന്ധപ്പെട്ട് എ.പി മാരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി ചർച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ദേശീയപാത നിർമ്മാണ കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് തുരങ്ക നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാൻ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പുറമേ വനം വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദശം നൽകുകയും ചെയ്തിരുന്നു.
ദേശീയപാത നാൾവഴി:
കമ്പനി ദേശീയപാത നിർമാണം ഏറ്റെടുത്തത് 2009ൽ.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ 28 കി.മീറ്റർ ദൂരം.
2010 ൽ തുടങ്ങേണ്ട നിർമാണം ആരംഭിച്ചത് 2 വർഷം വൈകി.
2014ൽ കമ്പനിയെ കേന്ദ്രസർക്കാർ കരിമ്പട്ടികയിലാക്കി.
രണ്ടു വർഷത്തിനുശേഷം വിലക്ക് നീക്കി.
ഉത്തരമില്ലാതെ 3 ചോദ്യങ്ങൾ
കരാർ ലംഘനം നടത്തിയ കമ്പനി എന്തുകൊണ്ട് തുടരുന്നു ?
കമ്പനിയെ എന്തുകൊണ്ട് നീക്കുന്നില്ല ?
ദേശീയപാതാ അതോറിറ്റി നഷ്ടപരിഹാരം ചോദിച്ചില്ല ?
കറുപ്പും വെളുപ്പുമായി ആ ചെലവുകൾ
എസ്റ്റിമേറ്റ് തുരങ്കങ്ങൾ ഉൾപ്പെടെ 614 കോടി
ഇപ്പോൾ 1019 കോടി.
.............
'' നിർമാണക്കമ്പനി ഒക്ടോബറിനുള്ളിൽ നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തും. ഇതിനാവശ്യമായ സഹായം കേന്ദ്രസർക്കാർ ചെയ്തു കൊടുക്കും.''
കേന്ദ്രമന്ത്രി വി.മുരളീധരൻ, കുതിരാൻ തുരങ്കം സന്ദർശിച്ചശേഷം പറഞ്ഞത്