തൃശൂർ: ഡി.സി.സി പ്രസിഡന്റായി ടി.എൻ പ്രതാപൻ തുടരാൻ കെ.പി.സി.സി നേതൃത്വം നിർദ്ദേശിച്ചെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആക്ഷേപമുയർത്തിയ അനിൽ അക്കര എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ പോര് മുറുകുന്നു. അനിലിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന ചെയർമാനുമായ കെ.കെ കൊച്ചുമുഹമ്മദ് രംഗത്തെത്തി. അനിലിനെയും കൊച്ചുമുഹമ്മദിനെയും അനുകൂലിച്ചും എതിർത്തും കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കൾ അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. ഡി.സി.സിക്ക് പ്രസിഡന്റിനെ നിയോഗിക്കാത്തതിൽ കുറച്ചുകാലമായി പ്രതിഷേധമുയർന്നിരുന്നു. പ്രസിഡന്റ് സ്ഥാനത്തിന് പലരും ചരടുവലി നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതാപനോട് തുടരാൻ നിർദ്ദേശിച്ചത്.
രമ്യ ഹരിദാസ് എം.പിക്ക് കാർ വാങ്ങാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് നീക്കത്തോടുളള മുല്ലപ്പളളിയുടെ വിമർശനം സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെയാണെന്നാണ് അനിൽ അക്കര ആക്ഷേപിച്ചതാണ് പുതിയ വിവാദത്തിന് തിരിതെളിച്ചത്. ഡി.സി.സി. പ്രസിഡന്റിനെ നിയോഗിക്കാത്തതിലും വിമർശനം ഉന്നയിച്ചിരുന്നു. അനിൽ അക്കരയുടെ പ്രസ്താവനയിൽ കെ.പി.സി.സി നേതൃയോഗം അതൃപ്തി അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റിനെ പരസ്യമായി വിമർശിച്ചതിൽ അനിൽ അക്കരയോട് കെ.പി.സി.സി നേതൃത്വം വിശദീകരണം തേടിയേക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരും അനിൽ അക്കരയുടെ അഭിപ്രായ പ്രകടനത്തെ എതിർത്തതായാണ് വിവരം. വിമർശനം അനവസരത്തിലുള്ളതായിരുന്നുവെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി.
കൊച്ചുമുഹമ്മദിന്റെ പോസ്റ്റ്:
പ്രിയപ്പെട്ട അനിൽ അക്കര എം. എൽ. എ., കെ. പി. സി. സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ചെരിപ്പിന്റെ വാർ അഴിക്കാനുള്ള യോഗ്യത കേരള രാഷ്ട്രീയത്തിൽ താങ്കൾക്കുണ്ടോ? താങ്കളും മുല്ലപ്പള്ളിയും ഒരുപോലെ ആണോ? ഇന്ന് കേരളത്തിലെ കോൺഗ്രസിലെ അവസാനത്തെ വാക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റേതാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ ജനറൽ സെക്രട്ടറി, എ. ഐ. സി. സി. സെക്രട്ടറി, ഏഴ് തവണ പാർലമെന്റ് മെമ്പർ, രണ്ട് തവണ കേന്ദ്ര മന്ത്രി, തുടങ്ങി തലങ്ങളിൽ പ്രവർത്തിച്ച മുല്ലപ്പള്ളിയും താങ്കളും സമപ്പെടുത്തിയത് അൽപ്പം അഹങ്കാരം ആയില്ലേ? ഒരു പാർലമെന്റ് മെമ്പർക്ക് കാർ വാങ്ങാനും സഞ്ചരിക്കാനും വേണ്ട സൗകര്യങ്ങൾ കേന്ദ്ര സർക്കാർ ചെയ്യുന്നില്ലേ? പിന്നെ എന്തിനാണ് നാട്ടുകാരെ പിഴിയുന്നത്? അതല്ലേ മുല്ലപ്പള്ളി പറഞ്ഞുള്ളൂ. താങ്കൾ ജില്ലയ്ക്ക് അഭിമാനമായി പ്രവർത്തിക്കേണ്ട എം. എൽ. എ ആണ്. വാടിക്കരിഞ്ഞു പോകരുത്. വടക്കാഞ്ചേരിയിൽ ധാരാളം കാര്യങ്ങൾ ഉണ്ടല്ലോ. അതൊക്കെ നോക്കി നല്ല നിലയിൽ നടന്നാൽ പോരെ. പള്ളയിൽ കുലക്കാതെ നോക്കണം.