പുതുക്കാട്: പഞ്ചായത്ത് ഭരണസമിതി യോഗം രണ്ടാം തവണയും തടസപ്പെട്ടു. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ച രണ്ട് പേർക്ക് വീട് നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിച്ചത്. ചെങ്ങാലൂർ വില്ലേജിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിജയൻ പയ്യപ്പിള്ളിക്കും, നെടുംപറമ്പിൽ ഓമന ആന്റു നെടുപറമ്പിലിനുമാണ് അനുമതി നിഷേധിച്ചത്.

അഞ്ച് സെന്റ് വീതമുള്ള ഇരുവരുടെയും സ്ഥലം നിലമാണെന്നും പാരിസ്ഥിതികപ്രശ്‌നം ഉണ്ടാക്കുമെന്ന പ്രാദേശിക നിരീക്ഷണ സമിതിയുടെ റിപ്പോർട്ടാണ് ഇരുവർക്കും വിനയായത്. പ്രാദേശിക നിരീക്ഷണ സമിതി അപേക്ഷ നിരസിച്ചതിനെ തുടർന്ന് കളക്ടർക്ക് 30 ദിവസത്തിനകം അപ്പീൽ നൽകാമെങ്കിലും ഓമന അപ്പീൽ നൽകിയത് ഒരു വർഷവും നാലു മാസവും കഴിഞ്ഞായിരുന്നു.

എന്നാൽ വിജയൻ അപ്പീൽ നൽകിയിരുന്നില്ല. അതിനാലാണ് വീട് നിർമ്മാണത്തിന് അനുമതി നൽകാതിരുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെൻസൻ പറഞ്ഞു. ഇന്നലെ നടക്കേണ്ട ഭരണസമിതി യോഗത്തിൽ 51 അജണ്ടകളാണ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടിയിരുന്നത്. എന്നാൽ കാൻസർ രോഗിക്കും പട്ടികജാതി കുടുംബത്തിനും വീട് നിർമ്മിക്കാൻ അനുമതി നൽകാതെ യോഗം നടത്താൻ സമ്മതിക്കില്ലെന്ന നിലപാടാണ് കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ സ്വീകരിച്ചത്.

ഇരുവരും വീട് നിർമ്മിച്ചാൽ ഒരുവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും സമീപത്ത് വീടുകൾ ഉള്ളതാണെന്നും മറ്റെന്തോ കാരണമാണ് പാവപ്പെട്ടവരുടെ വീട് നിർമ്മാണം തടയാൻ കാരണമെന്നും പ്രതിഷേധക്കാർ പറയുന്നു. ബേബി കിടായി, രാജു തിളയപറമ്പിൽ, തോബി തോട്വാൻ, ജോളി ചുക്കിരി, സതി സുധീർ, സിജു പയ്യപ്പിള്ളി, മുരളി മഠത്തിൽ എന്നിവരാണ് യോഗത്തിൽ പ്രതിഷേധിച്ചത്.

പുതിയ സമിതി വരട്ടെ

കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും എതിർപ്പ് മൂലമാണ് മുൻ പ്രാദേശിക നിരീക്ഷണ സമിതി അനുമതി നിഷേധിച്ചത്. പുതുതായി രൂപീകരിച്ച നിരീക്ഷണ സമിതിയെ അംഗീകരിക്കാനുള്ള കത്ത് പഞ്ചായത്തിൽ നിന്നും അയക്കാൻ വൈകിയതിനാൽ പുതിയ നിരീക്ഷണ സമിതിക്ക് പ്രവർത്തനം തുടരാനായിട്ടില്ല.പുതിയ നിരീക്ഷണ സമിതിക്ക് ഇവരുടെ അപേക്ഷ പരിഗണിക്കാനാവും.

- പ്രതിഷേധക്കാർ