കൊടുങ്ങല്ലൂർ: ഔട്ട് ബോർഡ് വള്ളങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച നടപടി നീതീകരിക്കാനാകാത്തതും മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി, കടലോര മത്സ്യത്തൊഴിലാളി കൂട്ടായ്മ പ്രതിഷേധ പൊതുയോഗം നടത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടനയുടെ ബാനറിൽ ചേർന്ന പൊതുയോഗം വള്ളങ്ങളുടെ രജിസ്‌ട്രേഷൻ വർദ്ധനവിൽ പ്രതിഷേധം രേഖപ്പെടുത്തി. കൊച്ചി മുതൽ ചാവക്കാട് എടക്കഴിയൂർ വരെയുള്ള മേഖലയിലെ മത്സ്യതൊഴിലാളികൾ പങ്കെടുത്ത യോഗം ഇത്തരം നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സർക്കാറിന് മുന്നറിയിപ്പ് നൽകി.
വളളങ്ങളുടെ നീളം കണക്കാക്കി രജിസ്‌ട്രേഷൻ ഫീസ് ഏർപ്പെടുത്തിയ നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. കുത്തനെ ഈ വിധം ഫീസ് വർദ്ധിപ്പിക്കാനുള്ള എന്ത് സാഹചര്യമാണുള്ളതെന്ന് വിശദീകരിക്കാൻ അധികൃതർക്ക് ബാദ്ധ്യത ഉണ്ടെന്നാണ് കൂട്ടായ്മയുടെ പക്ഷം. പ്രസിഡന്റ് എം.എം നാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി സന്തോഷ് ആമുഖപ്രസംഗം നടത്തി. സുനിൽ കുമാർ, എസ്.സി ഷിഹാബ്, സെക്രട്ടറി വി .സി മുരളി തുടങ്ങിയവർ സംസാരിച്ചു.
വർദ്ധനവ് ഇങ്ങനെ
ഔട്ട് ബോർഡ് വള്ളങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ്
സെക്യൂരിറ്റി ഡെപ്പോസിറ്റ് സംഖ്യ ഉൾപ്പെടെ 25,500 (നിലവിൽ 1500 രൂപ)
ഇൻബോർഡ് വള്ളങ്ങൾക്ക്
സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കം 52,500 രൂപ (നിലവിൽ 5,000 രൂപ)