service-road-nirmanam
നിര്‍മാണം പുരോഗമിക്കുന്ന സര്‍വീസ് റോഡ്‌

കൊടകര: കഴിഞ്ഞ പ്രളയത്തിൽ തകർന്ന ദേശീയപാത കൊളത്തൂരിലെ സർവീസ് റോഡിന്റെ പുനർനിർമാണത്തിന് തുടക്കം. 200 മീറ്ററോളം തകർന്ന റോഡ് പുനർനിർമ്മിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും നിരന്തര ആവശ്യത്തിന് ഇതോടെ പരിഹാരമാകും. പ്രളയം കഴിഞ്ഞ് ഒരു വർഷമെത്തുമ്പോഴാണ് പുനർനിർമ്മാണം നടക്കുന്നത്.

ഒട്ടേറെ തവണ പരാതിപ്പെട്ടെങ്കിലും സർവീസ് റോഡ് പുനർനിർമിക്കാൻ തയ്യാറാകാത്ത ടോൾപ്ലാസ അധികൃതർക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. കുറുമാലിപ്പുഴ കവിഞ്ഞൊഴുകി തകർന്ന സർവീസ് റോഡിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചു പോയതിനാൽ ആഴത്തിലുള്ള കാന രൂപപ്പെട്ടിരുന്നു. പ്രദേശത്തെ രണ്ട് കുടുംബങ്ങൾക്ക് വീട്ടിലേക്ക് പോകാനുള്ള വഴിയും ഇതോടെ ഒലിച്ചുപോയി.

കൊളത്തൂർ നെടുംപറമ്പിൽ ശശിയും നെടിയംപറമ്പത്ത് സതീശന്റെയുമാണ് വീട്ടിലേക്കുള്ള വഴിയാണ് അടഞ്ഞത്. പ്രളയത്തിൽ തകർന്ന അയൽവാസിയുടെ മതിലുകൾക്കിടയിലൂടെയാണ് തുടർന്ന് ഇവർ വീട്ടിലേക്ക് പോയിരുന്നത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി സി. രവീന്ദ്രനാഥ് സ്ഥലം സന്ദർശിച്ചതിനെ തുടർന്നാണ് താത്കാലികപാലം നിർമിച്ച് നൽകാൻ അധികൃതർ തയാറായത്.

നിർമാണം പൂർത്തിയായാൽ വാഹനങ്ങൾക്ക് കൊളത്തൂർ ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ പെട്രോൾ പമ്പിലേക്കും തൂപ്പൻകാവ് ക്ഷേത്രം റോഡിലേക്കുമുള്ള പ്രവേശനം അപകടരഹിതമാവുമെന്നത് ഏറെ ആശ്വാസകരമാണ്. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

അകലുന്ന ദുരിതം

പുനർനിർമ്മിക്കുന്നത് കൊളത്തൂരിലെ എൻ.എച്ച് സർവീസ് റോഡ്

കഴിഞ്ഞ പ്രളയത്തിൽ തകർന്നത് ഏകദേശം 200 മീ. റോഡ്

പുനർനിർമ്മിക്കാത്തതിൽ ടോൾപ്ലാസക്കെതിരെ പ്രതിഷേധം

സർവീസ് റോഡിലെ മണ്ണ് ഒലിച്ചുപോയി കാന രൂപപ്പെട്ടു

കാന രൂപപ്പെട്ടതോടെ രണ്ട് കുടുംബങ്ങൾക്ക് വഴിയടഞ്ഞു