കൊടുങ്ങല്ലൂർ: മതിലകം പഞ്ചായത്തിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം ലക്ഷ്യമിട്ട് തുണി സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് 5 ലക്ഷം ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങളാണ് തുണി സഞ്ചി തുന്നിയുണ്ടാക്കുന്നത്. ഓരോ കുടുംബങ്ങൾക്കും 2,5,10 കിലോ വിഭാഗങ്ങളിലായുള്ള മൂന്ന് തുണി സഞ്ചികളാണ് നൽകുന്നത്. 10 രൂപ ഗുണഭോക്തൃ വിഹിതം നൽകണം. പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ വിതരണോദ്ഘാടനം നടത്തി. വാർഡ് മെമ്പർ കെ.വൈ. അസീസിന്റെ അദ്ധ്യക്ഷതയിൽ മതിലകം സി.ഐ. കെ. കണ്ണൻ "പൊതുജനങ്ങളും പൊലീസും" എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് നൽകി. ജനപ്രതിനിധികളായ സുവർണ ജയശങ്കർ, ബിന്ദു സന്തോഷ്, അനി റോയ്, കെ.കെ. അഹമ്മദ് കബീർ, കെ.വി. അജിത്ത് കുമാർ, ഹസീന റഷീദ്, പൊലീസുകാരായ ഫസൽ, അജന്ത എന്നിവർ സംസാരിച്ചു.