തൃശൂർ: പറവട്ടാനിയിൽ ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ക്ലീനറുടെ കാൽ മുറിഞ്ഞുപോയി. പാലക്കാട് ഓലശേരി തക്കുറിശി വീട്ടിൽ
വിനോദിന്റെ (36) ഇടതു കാൽമുട്ടിന്റെ താഴെയാണ് വേർപെട്ടത്. ഡ്രൈവർ നിസാര പരിക്കോടെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം ലോറിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ ഫയർ ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്.

ഇന്നലെ പുലർച്ചെ ഒന്നിന് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അപകടം. ആക്ട്‌സ് പ്രവർത്തകർ ഉടൻ തന്നെ യുവാവിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ദയ ആശുപത്രിയിലേക്ക് മാറ്റി. അറ്റു പോയ കാലും ആക്ട്‌സ് പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. കാൽ തുന്നിച്ചേർക്കുന്നതിനായി ദയ ആശുപത്രിയിൽ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇപ്പോഴും അത്യാഹിത വിഭാഗത്തിലാണ് വിനോദ്. നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലാണ് ലോറിയിടിച്ചത്. ഇടിയെ തുടർന്ന് നിറുത്തിയിട്ടിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു. രണ്ടു ലോറികൾക്കും കേടുപാടുണ്ടായി. പിന്നിലിടിച്ച ലോറിയിലുണ്ടായിരുന്ന ക്ലീനറാണ് കാബിനുള്ളിൽ കുടുങ്ങിയത്. അതുവഴി വന്ന വഴിയാത്രക്കാരാണ് പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചത്.