ചേർപ്പ്: പ്ലാസ്ക്റ്റിക് ക്യാരി ബാഗുകൾക്കും, സഞ്ചികൾക്കും വിമുക്തി നേടാൻ ചേർപ്പ് പെരുമ്പിള്ളിശ്ശേരിയിലെ സൗഹൃദ മൈക്രോ എന്റർപ്രൈസസ് വനിതാ കൂട്ടായ്മയിൽ നിന്ന് തുണി സഞ്ചികൾ വിപണിയിലേക്ക്. ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോകോൾ അഥവാ ഹരിത കർമസേന പദ്ധതിയിലൂടെ പരിശീലനം നേടിയ വനിതകളാണ് തുണിസഞ്ചി നിർമ്മാണം നടത്തുന്നത്.

സാരികൾ, ഷാളുകൾ, കുഷ്യൻ കവർ എന്നിവ ഉപയോഗിച്ചാണ് ഇവർ ദിനംപ്രതി അറുപതോളം സഞ്ചികൾ ഉണ്ടാക്കുന്നത്. 10 രൂപ മുതൽ 350 രൂപ വരെയുള്ള തുണി സഞ്ചികൾ ഇവിടെ ലഭ്യമാണ്. കുടുംബശ്രീ യൂണിറ്റുകൾ, സഹകരണ സംഘങ്ങൾ, വഴിയാണ് സഞ്ചികൾ ഇപ്പോൾ വിൽക്കപ്പെടുന്നത്. ചേർപ്പ് പെരുമ്പിള്ളിശേരി അമ്മാടം റോഡിലെ ഹരിശ്രീ നഗറിലാണ് സൗഹൃദ തുണിസഞ്ചി നിർമാണ വനിതാ യൂണിറ്റ് പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ 5 വരെയാണ് പ്രവർത്തന സമയം.

തുണി സഞ്ചിക്കായി നിരവധി പേരാണ് എത്തുന്നതെന്ന് യൂണിറ്റിന് നേതൃത്വം നൽകുന്ന ഷൈജ വിനോദ് കുമാർ പറയുന്നു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സരള യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ്, വാർഡ് അംഗം പ്രിയലത പ്രസാദ്, വ്യവസായ വികസന ആഫീസർ ജലജ എന്നിവരും സന്നിഹിതരായിരുന്നു. തുണി സഞ്ചി ആവശ്യമുള്ളവർ വിവരങ്ങൾക്ക്: 9605853398.