ചാലക്കുടി: ബേബിയുടെ കരങ്ങളാൽ ആഴക്കയങ്ങളിൽ നിന്നും പുനർജന്മം ലഭിച്ചവരുടെ എണ്ണം ഏഴായി. കഴിഞ്ഞ പ്രളയത്തിൽ ഈ 53 കാരൻ 50ലേറെ പേരെ രക്ഷപെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ചാലക്കുടി പുഴമ്പാലത്തിൽ നിന്നും ആത്മഹത്യ ചെയ്യാൻ താഴേക്ക് ചാടിയ അന്നനാട്ടുകാരനെ രക്ഷപ്പെടുത്തിയതിലൂടെ ഒരിക്കൽക്കൂടി നഗരത്തിൽ ബേബി തരംഗം.
ജീവൻരക്ഷാ പ്രവർത്തനങ്ങളാൽ നാട്ടുകാർക്ക് സുപരിചിതനാണ് ചാലക്കുടിക്കാരൻ തെറ്റയിൽ ബേബി. അഞ്ചാം ക്ലാസുവരെ മാത്രം പഠനം, കുട്ടിക്കാലം മുതൽ ചാലക്കുടിപ്പുഴയുടെ മടിത്തട്ടിൽ ചൂണ്ടയിടലും നീന്തൽ അഭ്യാസവും. ഇങ്ങനെയെല്ലാം ബേബിയും പുഴയും തമ്മിൽ വേർതിരിവില്ലാത്ത ബന്ധം വളർന്നു. സ്വന്തം സഹോദരിയെ കുളത്തിൽ നിന്നും കരയ്‌ക്കെത്തിച്ചതായിരുന്നു ബേബിയുടെ ആദ്യ രക്ഷാപ്രവർത്തനം. പിന്നീടങ്ങോട്ട് ബേബിക്ക് ഇതൊരു കടമയായി.
നഗരസഭാ ബസ് സ്റ്റാൻഡ് നിൽക്കുന്ന വലിയൊരു കുളത്തിലാണ് പതിറ്റാണ്ടുകൾക്ക് മുൻപ് സഹോദരി വിജി അകപ്പെട്ടത്. പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങളെല്ലാം താൻ സ്ഥിരമായി കുളിക്കുന്ന കണ്ണമ്പുഴ കടവിലും. ക്ലാസിൽ നിന്നും പുറത്തുചാടിയ രണ്ടു വിദ്യാർത്ഥികൾ എത്തിപ്പെട്ടത് കണ്ണമ്പുഴ കടവിൽ. നീന്താൻ ശ്രമിച്ചപ്പോൾ അവർ ഒഴുക്കിൽപ്പെട്ടു. സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയ ബേബി പുഴയിലേക്ക് ചാടി ഇരുവരെയും കരയ്ക്കെത്തിച്ചു.
മീൻ പിടിക്കാനെത്തിയ മറ്റു ചിലരുടെയും ജീവൻ തിരികെ കിട്ടിയത് വർഷങ്ങളോളം ചുമട്ടു തൊഴിലാളി കൂടിയായിരുന്ന ബേബിയുടെ ആർദ്രമനസ് കൊണ്ടുമാത്രം. ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റിയ ബേബിയുടെ പ്രവൃത്തിക്ക് താങ്ങായി ഭാര്യ സ്മയ്‌ലി രണ്ടു മക്കളുമുണ്ട്.
പ്രളയകാലത്തെ കാമറൂൺ ബോയ്
കഴിഞ്ഞ പ്രളയത്തിൽ താൻ രക്ഷിച്ചത് അമ്പതിൽ അധികം പേരെയാണെന്ന് ക്രൈംബ്രാഞ്ച് എസ്.പി: കെ.എസ്. സുദർശൻ പറഞ്ഞപ്പോഴാണ് ബേബി അറിഞ്ഞതത്രെ. പൊലീസ് ബറ്റാലിന്റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് അന്ന് ഡിവൈ.എസ്.പിയായിരുന്ന സുദർശനനാണ്. പകലന്തിയോളം ആളുകളെ ചുമലിൽ ഇരുത്തി അഭയസ്ഥാനത്ത് എത്തിക്കുമ്പോൾ രക്ഷപെടുത്തിയതിൽ രണ്ട് ഗർഭിണികളുമുണ്ടായിരുന്നു. ഫുട്ബാൾ കമ്പവും കാമറൂൺ ടീമിനോടുള്ള ഇഷ്ടവും കൊണ്ടുനടക്കുന്ന അദ്ദേഹത്തെ സ്നേഹത്തോടെ ചാലക്കുടിക്കാർ ഈ മദ്ധ്യവയസിലും വിളിക്കുന്ന പേരാണ് കാമറൂൺ ബോയ്. സതേൺ എയർനോട്ടിക്കൽ എൻജിനിയറിംഗ് കോളേജിലെ ഹൗസ് ബോയി ആയി ജോലി ചെയ്യുമ്പോൾ നിരവധി കാമറൂൺ സ്വദേശികൾ ഉണ്ടായിരുന്നുവെന്നും അവരോടൊത്ത് ഇടപഴകുമ്പോൾ ഭാഷ പഠിക്കാനായതും നന്ദിയോടെ ബേബി ഓർക്കുന്നു.
ഒരു വിളി മതി
ചാലക്കുടിപ്പുഴ തനിക്ക് സ്വന്തമാണ്. കൺമുന്നിൽ വച്ച് ആര് ഒഴുക്കിൽപ്പെട്ടാലും രക്ഷകനാകും, ആ ആത്മധൈര്യം എനിക്കുണ്ട്. ഇപ്പേൾ കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തുന്നതെങ്കിലും പുഴയിൽപ്പെടുന്നവരെ രക്ഷിക്കാൻ ഒരു വിളി മാത്രം മതി.