തൃശൂർ: പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യ പ്രകാരം വിളിച്ച കോർപറേഷൻ കൗൺസിലിൽ പരാതി പ്രളയം. പ്രത്യേക കൗൺസിൽ യോഗം പ്രതിഷേധകരമാണെന്ന് ചൂണ്ടിക്കാട്ടി മേയർ വിശദീകരണ കുറിപ്പ് നൽകിയത് വിവാദത്തിനിടയാക്കി. ഒരേസമയം കൗൺസിൽ വിളിക്കുകയും പ്രതിഷേധക്കുറിപ്പ് ഇറക്കുകയും ചെയ്തത് വിചിത്രമായെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ പറഞ്ഞു.
അജൻഡകളിൽ പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടത് ഭരണപക്ഷം നിരാകരിച്ചു. കാര്യമായ മറുപടിയും ചർച്ചയുമില്ലാതെ ഉച്ചയ്ക്ക് ഒന്നരയോടെ പിരിച്ചുവിട്ടു. 100 കോടി വായ്പ എടുത്തു വികസനപ്രവൃത്തി നടത്തുന്നതടക്കമുള്ള മുൻ അജൻഡകൾക്ക് എതിരെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയാണ് പ്രതിപക്ഷം പ്രത്യേക കൗൺസിൽ വിളിക്കാൻ ആവശ്യപ്പെട്ടത്. ചർച്ച ചെയ്യാത്ത അജൻഡകൾ പാസാക്കിയതിന് എതിരെയും പരാതിയുണ്ടായി. ഭരണപക്ഷ കൗൺസിലർമാരെ പോലും വായ്പാ ആവശ്യം ബോദ്ധ്യപ്പെടുത്താൻ മേയർക്കു കഴിഞ്ഞിട്ടില്ലെന്നു എ. പ്രസാദ് ചൂണ്ടിക്കാട്ടി. 100 കോടി വായ്പയ്ക്കു എതിരെ മുഖ്യമന്ത്രിക്ക് ഭരണകക്ഷി അംഗം തന്നെ പരാതി നൽകിയിട്ടുണ്ടന്നും പറഞ്ഞു. എത്ര മുതൽ മുടക്ക്, എത്ര വരുമാനം, സമാന സ്വഭാവമുള്ള കെട്ടിടങ്ങളിൽ നിന്ന് ഇപ്പോഴുള്ള വരുമാനം എന്നിവ സംബന്ധിച്ചു വിശദ പഠനം നടത്താതെയാണ് വായ്പയുമായി മുന്നോട്ടുപോകുന്നതെന്നും പ്രസാദ് കുറ്റപ്പെടുത്തി. മേയർ വിതരണം ചെയ്ത കുറിപ്പിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജോൺ ഡാനിയൽ പറഞ്ഞു. ചർച്ച ചെയ്യാതെ അജൻഡ പാസാക്കിയ ചട്ടവിരുദ്ധ നിലപാടിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും പ്രതിപക്ഷനേതാക്കൾ പറഞ്ഞു.
മാദ്ധ്യമങ്ങളെ അറിയിക്കാതെ കൗൺസിൽ യോഗം
തൃശൂർ: ഇന്നലെ നടന്ന കൗൺസിൽ യോഗത്തിന്റെ അറിയിപ്പ് മാദ്ധ്യമങ്ങൾക്കു നൽകിയില്ല. മാദ്ധ്യമങ്ങളെ അറിയിക്കാതെ യോഗം നടത്തുന്നത് ക്രമവിരുദ്ധമാണെന്ന് ഡി.സി.സി ജന. സെക്രട്ടറി കൂടിയായ എ. പ്രസാദ് യോഗത്തിൽ ചൂണ്ടിക്കാട്ടി. കൗൺസിലിലെ ജനാധിപത്യ വിരുദ്ധനടപടികൾ ജനങ്ങളിൽ നിന്ന് മറയ്ക്കാനാണ് മേയർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥർ ഫയൽ പരിശോധനയ്ക്ക് നൽകുന്നില്ലെന്നും പരാതിയുണ്ടായി. സെക്‌ഷനിൽ ഫയൽ ചോദിച്ചപ്പോൾ നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതായി പ്രസാദ് പരാതിപ്പെട്ടു.