പാവറട്ടി : മതിൽ തകർത്തതുമായി ബന്ധപ്പെട്ട വഴക്കിനിടെ റിട്ട. അദ്ധ്യാപകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പരിസരവാസികളായ അഞ്ച് പേർ അറസ്റ്റിലായി. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടിൽ പ്രകാശൻ (56), പ്രമോദ് (53), പ്രണവ് (23), അടിയാറെ വീട്ടിൽ രാജു (ഷിജു 49), ഷാരുൺ (19), അഭിജിത്ത് (23) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
വാക കുന്നത്തുള്ളി വീട്ടിൽ സുഗുണനെയാണ് (78) ഇവർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ സുഗുണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എളവള്ളി വാകയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. തന്റെ വീടിന്റെ ഗേറ്റിന് സമീപം കല്ലുകൾ കൊണ്ട് നിർമ്മിച്ച താത്കാലിക മതിൽ ഇടിഞ്ഞ് വീണത് അടുത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചപ്പോൾ സംഘം പ്രകോപിതരാകുകയായിരുന്നു. മുമ്പും പ്രദേശവാസികളിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് സുഗുണന്റെ മകൻ സിജു പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചത് വൈറലായി. ദൃശ്യമാദ്ധ്യമങ്ങളിലുൾപ്പെടെ ഇത് പ്രചരിച്ചതോടെ പൊലീസ് നടപടി എടുക്കുകയായിരുന്നു. എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐ ബിന്ദുലാൽ, പൊലീസുകാരായ ജെയ്‌സൻ, സുനിൽ കുമാർ, ശ്രീജിത്ത്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസിനെ കണ്ട് ഭയന്ന് ഓടിയ പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.