തൃശൂർ: മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ എസ്.എഫ്.ഐ സമരത്തെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ 25, 26, 29 തിയതികളിൽ റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 29ന് രാവിലെ പത്തിന് സ്ഥാപനത്തിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ട്.
ക്ലാസിലേക്ക് അതിക്രമിച്ചു കയറിയതിനും അദ്ധ്യാപകനെ അസഭ്യം പറഞ്ഞതിനുമായി ഒമ്പത് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ അനിശ്ചിതകാല സമരം നടത്തുകയായിരുന്നു. പേന, സിലബസ് എന്നിവയുടെ വിതരണത്തിനായി ക്ലാസിൽ കയറിയ വിദ്യാർത്ഥികളിലൊരാളെ അദ്ധ്യാപകൻ തള്ളിയിട്ടതിൽ പ്രതിഷേധിച്ചാണ് സമരം എന്നാണ് എസ്.എഫ്.ഐ പറയുന്നത്. ഇന്നലെ സി.ഐയുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. വിദ്യാർത്ഥികളിൽ നിന്ന് മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തതും പ്രശ്‌നങ്ങൾക്കിടയാക്കി. ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ക്ലാസ് സമയത്ത് റിംഗ് ചെയ്ത മൊബൈൽ ഫോണുകളാണ് അദ്ധ്യാപകർ പിടിച്ചെടുത്തത്. ഇതിന്റെ പേരിൽ ഒരു വകുപ്പു മേധാവിയെ വിദ്യാർത്ഥികൾ വളയുകയും അസഭ്യം പറയുകയും ചെയ്തു. അസഭ്യം പറഞ്ഞ വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തു. തുടർന്ന് തിങ്കളാഴ്ച സിലബസ് വിതരണത്തിന് എന്നു പറഞ്ഞ് അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരുന്ന മുറിയിൽ അതിക്രമിച്ചു കയറിയതിനാണ് 8 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നടത്തുമെന്നാണ് എസ്.എഫ്.ഐ യുടെ നിലപാട്..