villege-office
മണത്തല വില്ലേജ് ഓഫീസ് പഴയ കെട്ടിടം

ചാവക്കാട്: 14 വർഷം മുൻപ് തുടങ്ങിയ മണത്തല വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം ഇതുവരെ പൂർത്തിയായില്ല. 2004-05 കാലഘട്ടത്തിൽ ആരംഭിച്ച നിർമ്മാണമാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. നിർമ്മാണത്തിന് അന്ന് സർക്കാർ അരലക്ഷം രൂപ മാത്രമാണ് നൽകിയത്. ബാക്കിത്തുക പൊതുജനങ്ങളിൽ നിന്നും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

ചാവക്കാട് നഗരമദ്ധ്യത്തിൽ സബ് ജയിലിനോട് ചേർന്ന കെട്ടിടത്തിലായിരുന്നു ആദ്യം ഓഫീസ് പ്രവർത്തിച്ചിരുന്നത്. കാലപ്പഴക്കം കൊണ്ട് കെട്ടിടത്തിന്റെ ചുമരുകൾക്കും മേൽക്കൂരയ്ക്കും വിള്ളലും ബലക്ഷയവും സംഭവിച്ചതോടെയാണ് പുതിയ കെട്ടിടം എന്ന ആവശ്യം ഉയർന്നത്.

തഹസിൽദാർക്ക് കീഴിൽ പൊതുപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന ജനകീയ കമ്മിറ്റി രൂപീകരിച്ചായിരുന്നു പുതിയ കെട്ടിടനിർമ്മാണം തുടങ്ങിയത്. നിർമ്മാണം തീരുന്നതുവരെ വില്ലേജ് ഓഫീസ് താത്കാലികമായി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

പുതിയ കെട്ടിടത്തിന്റെ കോണി മുറി ഒഴികെ 70 ശതമാനം ജോലികൾ പെട്ടെന്ന് പൂർത്തിയാക്കി. പിന്നീട് തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മാറിയതോടെ മറ്റ് ജോലികൾ നടന്നില്ല. വർഷങ്ങൾ കടന്നു പോയിട്ടും മുക്കാൽഭാഗം പൂർത്തിയായ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നു.

നിർമ്മാണം പൂർത്തീകരിക്കണമെങ്കിൽ ഇനി ഏകദേശം നാലു ലക്ഷം രൂപയെങ്കിലും ആവശ്യമായി വരും. മേഖലയിലെ ജനകീയ കമ്മിറ്റി പ്രതിനിധികൾ രണ്ടുതവണ കളക്ടറെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം. പണി തീരാത്ത കെട്ടിടം അധികൃതരുടെ കെട്ടുകാര്യസ്ഥതയുടെ സ്മാരകമായി ഇപ്പോഴും നിലകൊള്ളുന്നു.

പൊതുജനങ്ങൾക്കും ദ്രോഹം

മിനി സിവിൽ സ്റ്റേഷനിലാണ് ഇപ്പോൾ മണത്തല വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പാലം കയറിവേണം ഇപ്പോൾ അവിടെയെത്താൻ. ഇത് പ്രദേശവാസികളായ ആവശ്യക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാതിവഴിയിൽ നിർമ്മാണം നിറുത്തിയ വില്ലേജ് കെട്ടിടം നഗരഹൃദയത്തിലാണ്. ഈ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയിരുന്നെങ്കിൽ വിവിധ സർട്ടിഫിക്കറ്റുകൾക്ക് എത്തുന്നവർക്ക് കൂടുതൽ സഹായകരമായേനെ.

ഉടൻ പൂർത്തിയാക്കണം

വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം. രാത്രിയിൽ കുറുക്കൻമാരുടെയും തെരുവ് നായ്ക്കളുടെയും താവളങ്ങളായി ഇവിടം മാറിയിട്ടുണ്ട്. പ്രദേശമാകെ ഇപ്പോൾ കാടുമൂടിയിട്ടുണ്ട്, ഇതും വൃത്തിയാക്കണം.

- എം.എസ്. ശിവദാസ് (ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജ്യണൽ പ്രസിഡന്റ്)

തുടങ്ങി, തീർന്നില്ല

മണത്തല വില്ലേജ് കെട്ടിടം പണി തുടങ്ങിയത് 2004-05ൽ

സർക്കാർ കെട്ടിടനിർമ്മാണത്തിന് നൽകിയത് അരലക്ഷം

ജനകീയമായി പിരിച്ചെടുത്ത് പണി പൂർത്തിയാക്കണമെന്ന്

കോണിമുറി ഒഴികെ 70 ശതമാനം ജോലികൾ പൂർത്തിയാക്കി

കളക്ടർക്ക് രണ്ടുതവണ പരാതിപ്പെട്ടിട്ടും നടപടിയായില്ല