തൃശൂർ : അഴിയാക്കുരുക്കും അപകടങ്ങളും നിറയുന്ന ദേശീയപാതയിലെ അറ്റകുറ്റപണി ഉടൻ നടത്തണമെന്ന കേന്ദ്രമന്ത്രിമാരുടെ ഉത്തരവിനും പുല്ലുവില. സ്തംഭിച്ച് പോയ തുരങ്ക നിർമ്മാണവും റോഡിന്റെ അപകടാവസ്ഥയും നേരിൽക്കണ്ട് വിലയിരുത്തിയ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശന സമയത്ത് നൽകിയ ഉത്തരവും കരാർ കമ്പനി കാറ്റിൽ പറത്തി. എഴ് ദിവസത്തിനകം അറ്റകുറ്റപണി ചെയ്ത് തീർക്കണമെന്നതായിരുന്നു കേന്ദ്രമന്ത്രിയുടെ നിർദ്ദേശം.
എന്നാൽ മന്ത്രി വന്ന് പോയി ആറ് ദിവസമായിട്ടും അറ്റകുറ്റപണി ആരംഭിക്കാൻ ദേശീയപാത കരാറുകാർ തയ്യാറായിട്ടില്ല. പല സ്ഥലങ്ങളിലും സംരക്ഷണ ഭിത്തിയായി വച്ചിട്ടുള്ള മണൽ ചാക്കുകൾ മാറ്റി കരിങ്കൽ കെട്ടുവാനും ഫ്‌ളൈ ഓവറിലെ വെള്ളക്കെട്ട് തീർക്കാനുമാണ് നിർദ്ദേശിച്ചത്. തൃശൂർ, ആലത്തൂർ എം.പിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നേരത്തെ 12ന് ഡൽഹിയിൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ദേശീയപാത അതോറിറ്റിയുടെ യോഗത്തിൽ എത്രയും പെട്ടെന്ന് അറ്റകുറ്റപണി തീർക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്‌നത്തിൽ കേന്ദ്രമന്ത്രിമാരെ ഇടപെടുവിച്ചത്. നേരത്തെ മനുഷ്യാവകാശ കമ്മിഷനും ജില്ലാ കളക്ടറും ഇത്തരം ആവശ്യം ഉന്നയിച്ചിരുന്നു. തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേർക്കാമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് കേന്ദ്രമന്ത്രിമാരുടെ നിർദ്ദേശങ്ങളും ഉത്തരവുകളും ദേശീയപാത കരാർ കമ്പനിക്കാർ അവഗണിക്കുന്നത്.

പത്ത് വർഷം, നഷ്ടപ്പെട്ടത് 233 ജീവനുകൾ

ദേശീയപാതയുടെ ശോച്യാവസ്ഥയിൽ കുടുങ്ങി കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടത് 233 പേർക്കാണ്. ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന് വിവരാവകാശ പ്രകാരം കിട്ടിയ രേഖകളിലാണ് മരണനിരക്കിന്റെ വിവരം പുറത്ത് വന്നത്. ജൂൺ 24 വരെയുള്ള കണക്ക് പ്രകാരമാണിത്. പാലക്കാട് ജില്ലയിൽപെടുന്ന വടക്കഞ്ചേരി, തൃശൂർ ജില്ലയിലെ പീച്ചി, മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇത്രയും പേരുടെ ജീവൻ പൊലീഞ്ഞത്. 2009 മുതലാണ് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്.

ദേശീയ പാത നിർമ്മാണം ആരംഭിച്ചത് 2009

സ്റ്റേഷൻ തിരിച്ച്

മണ്ണുത്തി 49 പേർ
പീച്ചി 98 പേർ
വടക്കഞ്ചേരി 86 പേർ