തൃശൂർ: നഗരത്തിൽ അശ്വിനി ജംഗ്ഷന് സമീപം റോഡിലെ കുഴിയിൽ വീണ് തെറിച്ചു വീണ സ്‌കൂട്ടർ യാത്രികനെ ബസ് ഇടിച്ചു. ബസിനടിയിൽപെട്ട സ്‌കൂട്ടർ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുളങ്കുന്നത്തുകാവ് തെക്കേമേപ്പുള്ളി സന്തോഷ്‌ കുമാറിനെ (41) പരിക്കോടെ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിലകത്തുംപാടം റോഡിൽ നിന്നും വടക്കേ സ്റ്റാൻഡിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. റോഡിലെ കുഴിയിൽ സ്‌കൂട്ടർ ചാടിയതോടെ സന്തോഷ് തെറിച്ചു വീണു. പിറകിൽ വന്നിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ അടിയിലേക്ക് വീണുവെങ്കിലും ഗുരുതരമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും മറ്റ് വാഹന യാത്രികരും നാട്ടുകാരും പൊലീസും ആക്ട്‌സ് പ്രവർത്തകരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.