food
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മാർക്കറ്റിൽ നടത്തിയ പരിശോധന

തൃശൂർ: ഒറീസയിൽ നിന്ന് ശക്തൻ മാർക്കറ്റിൽ വിൽക്കാനായി കൊണ്ടുവന്ന പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു. ട്രെയിൻ മാർഗം എത്തിയ മത്സ്യം തൃശൂരിൽ ഇറക്കാതെ തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോയത്. അവിടെ നിന്നും ഇന്നലെ ഗുരുവായൂർ ഇന്റർസിറ്റിയിൽ കൊണ്ടുവന്ന മത്സ്യം തൃശൂരിൽ ഇറക്കിയ ശേഷം വിൽപ്പനയ്ക്കായി ശക്തൻ മാർക്കറ്റിലെത്തിച്ചു. രഹസ്യ വിവരം ലഭിച്ച ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കുറച്ചു ബോക്‌സുകളിലെ മത്സ്യം അഴുകിയതാണെന്നും ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. ഇതേത്തുടർന്ന് തൊലിയുരിയൻ, മാന്തൽ എന്നീ മീനുകൾ നശിപ്പിച്ചു. 180 കിലോ പച്ച മീനിൽ 20 കിലോ അഴുകിയതായിരുന്നു. 360 കിലോ ഉണക്ക മത്സ്യം ഇറക്കുമ്പോൾ ഒരു ബോക്‌സ് താഴെ ട്രാക്കിൽ ചിതറി വീണു. ഇതു വീണ്ടും വിൽക്കാതിരിക്കാൻ അതും ഉദ്യോഗസ്ഥർ നശിപ്പിച്ചു. 60 കിലോ ഉണക്കമത്സ്യമാണ് നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കോർപറേഷൻ ആരോഗ്യവിഭാഗവും പരിശോധനയ്‌ക്കെത്തി. ഫുഡ് സേഫ്റ്റി അസി. ഓഫീസർ ജി. ജയശ്രീ, ഡി.എം.ഒ ഡോ. കെ.ജെ. റീന, ഫുഡ് സേഫ്റ്റി ഓഫീസർമാരായ പി.യു. ഉദയശങ്കർ, വി.കെ. പ്രദീപ്കുമാർ, കെ.കെ. അനിലൻ, ആർ. രേഷ്മ, സരിത, ഹെൽത്ത് ഓഫീസർ പി.കെ. രാജു എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.