മാള: ഒരിഞ്ചു ഭൂമിയില്ല സ്വന്തമായി. തളർന്നു കിടക്കുന്ന രണ്ട് വയോധികർ, തകർന്നു വീഴാറായ കുടിൽ. അതും അകന്ന ബന്ധുവിന്റെ സ്ഥലത്ത് താത്കാലികമായി നിർമ്മിച്ചത്. ഇങ്ങനെ റേഷൻ കാർഡ് പോലും ഇല്ലാതെ പൊയ്യ പഞ്ചായത്തിലെ പത്താം വാർഡിലെ പുളിപ്പറമ്പ് കുറവൻപറമ്പിൽ കുട്ടന്റെയും ഭാര്യ ശാന്തയുടെയും ജീവിതം സർക്കാറിന്റെ രേഖകളിൽ ചിലപ്പോൾ കാണില്ല.
പക്ഷേ അവരുടെ യാതന നേരിൽക്കാണുന്നവർക്കെല്ലാം ബോദ്ധ്യപ്പെടും. 78 കാരനായ കുട്ടപ്പൻ രണ്ട് വർഷമായി കിടപ്പിലാണ്. രക്തസമ്മർദ്ദം വർദ്ധിച്ച് ഭാര്യ ശാന്തയും അഞ്ച് വർഷമായി കിടപ്പാണ്. കൂരയ്ക്കുള്ളിൽ രണ്ട് കട്ടിലുകളിലായി ഇരുവരും കിടക്കുന്നു. എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന മേൽക്കൂരയുടെ "അതീവസുരക്ഷയുടെ" ബലത്തിൽ ജീവിതം. ഇവരുടെ മകൻ രജീഷും മരുമകൾ അരുന്ധതിയും ഏഴ് വയസുള്ള കുട്ടിയും കൂടിയുണ്ട് ഈ ഒറ്റമുറി കുടിലിൽ. കുടിലിന്റെ വശങ്ങൾ തുണികൊണ്ട് മറച്ചതിലൂടെ കുട്ടപ്പൻ ഇടയ്ക്കിടെ വീഴുന്നതും പതിവാണ്. അരുന്ധതിക്ക് ഒന്നര വർഷം മുമ്പുണ്ടായ അപകടത്തിലെ പരിക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല. ഇവരുടെ കാലിലെ വ്രണത്തിലൂടെ അണുബാധയുണ്ടായി പഴുപ്പും വന്നു. ശുചിത്വമില്ലാത്ത ഈ മുറിയിലെ ഏഴ് വയസുകാരിയുടെ ജീവിതവും സുരക്ഷിതമല്ല. ശാന്ത മലമൂത്ര വിസർജ്ജനം വരെ കിടന്ന കിടപ്പിലാണ് നടത്തുന്നത്.
രജീഷ് കൂലിപ്പണിക്ക് പോകുമ്പോൾ മാതാപിതാക്കളെ സംരക്ഷിക്കാൻ അരുന്ധതിക്ക് തനിച്ച് കഴിയാത്ത അവസ്ഥ പോലുമുണ്ട്. ഇവരുടെ ബന്ധുവിന്റെ പേരിലുള്ള ഈ അഞ്ച് സെന്റ് സ്ഥലത്തിനായി അറുപതിനായിരം രൂപ മൂന്ന് വർഷം മുമ്പ് നൽകിയതാണ്. എന്നാൽ ബന്ധു വാഹനം വാങ്ങിയ വകയിൽ സ്ഥലത്തിന് കടബാദ്ധ്യതയുണ്ടായിരുന്നു. 42,000 രൂപയുടെ അടിസ്ഥാന ബാദ്ധ്യത അവസാനിപ്പിക്കാതെ ഈ സ്ഥലം തീറെടുത്ത് യാതൊന്നും ചെയ്യാൻ കഴിയില്ല. ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തടസമായിട്ടുള്ളത് സ്ഥലത്തിന്റെ നിയമപ്രശ്‌നവും രേഖകൾ ഇല്ലാത്തതുമാണ്. കുട്ടപ്പൻ ശാന്ത ദമ്പതികളുടെ രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചതാണ്. ഈ യാതനയുടെ കടൽ കടന്ന് എന്ന് കരയിലെത്തും എന്ന ആശങ്കയിലാണ് ഈ കുടുംബത്തിന്റെ ഓരോ ദിനവും പുലരുന്നത്.
............
മക്കളുടെ സമ്മതമുണ്ടെങ്കിൽ കുട്ടപ്പനെയും ശാന്തയെയും സാമൂഹികക്ഷേമ വകുപ്പിന്റെ പദ്ധതിയനുസരിച്ച് സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും.
സിജി വിനോദ്
പൊയ്യ പഞ്ചായത്ത് പ്രസിഡന്റ്
..................
ആശ്വാസ കിരണം പദ്ധതിയിൽപെടുത്തി പ്രതിമാസം ആയിരം രൂപയും ആശ്രയ അഗതി കേരളം പദ്ധതിയിൽ മരുന്നും പോഷകാഹാരവും നൽകാം
പി.കെ. സുജൻ
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി