ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഭാഗികമായി തകർന്ന് സമീപവാസിയുടെ വീട്ടിലേയ്ക്ക് വീണ വർഷങ്ങളുടെ പഴക്കമുള്ള ഇരുനില വീട് പൂർണ്ണമായും പൊളിച്ചു നീക്കാനുള്ള നടപടികൾ ആരംഭിച്ചു. നഗരസഭ 22-ാം വാർഡിൽ തെക്കേഅങ്ങാടി റോഡിൽ അവറാൻ വീട്ടിൽ ജോസ്, ജെയിംസ്, ജോബ് എന്നിവരുടെ വീടാണ് ഇന്നലെ രാവിലെ എട്ടോടെ തകർന്നുവീണത്. കുറച്ച് നാളുകളായി ഇവിടെ ആരും താമസിച്ചിരുന്നില്ല. അപകടാവസ്ഥയിലായ വീട് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ, റവന്യു അധികൃതർ വീട്ടുകാർക്ക് നിർദേശം നൽകുകയും വീട്ടിൽ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.
വീടുവീണ് അയൽവാസി കിഴക്കേപ്പീടിക വീട്ടിൽ ബിജു പോളിന്റെ മതിലാണ് തകർന്നത്. ഇയാളുടെ വീടിന്റെ അടിയിലുള്ള കിണറിന്റെ മുകളിലേക്കും വീടിന്റെ അവശിഷ്ടങ്ങൾ വീണു. സംഭവമറിഞ്ഞ മുകുന്ദപുരം തഹസിൽദാർ ഐ.ജെ. മധുസൂദനൻ, മനവലശേരി വില്ലേജ് ഓഫീസർ പി.കെ. പ്രമോദ്, നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു, മുനിസിപ്പൽ സെക്രട്ടറി അരുൺകുമാർ, മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. അപകടാവസ്ഥയിലായ വീടിന്റെ ബാക്കി ഭാഗം പൊളിച്ചു നീക്കാൻ സ്ഥലം സന്ദർശിച്ച മുകുന്ദപുരം തഹസിൽദാർ ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തന്നെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നീരീക്ഷിച്ചു. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കുന്നതുവരെ സമീപത്തെ വീടുകളിൽ താമസിക്കുന്നവരോട് ജാഗ്രത വേണമെന്നും മഴ കനക്കുകയാണെങ്കിൽ മാറി നിൽക്കുവാനും നിർദേശം നൽകി. ഇന്നു രാവിലെ മുതൽ ഈ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടില്ല. ജീവനക്കാർ വീട് പൊളിക്കാനുളള പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്.