തൃശൂർ: റീബിൽഡ് കേരളയുടെ ഭാഗമായി കേരളത്തെ അഞ്ച് ഇക്കോളജിക്കൽ സോണുകളാക്കി തിരിക്കുമെന്ന് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തൃശൂർ ടൗൺ ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കർഷക സഭകളുടെ ജില്ലാതല ക്രോഡീകരണവും കാർഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരേ രീതിയിലുള്ള മണ്ണിന്റെ ഘടന, ജലലഭ്യത, കാലാവസ്ഥ, മറ്റ് ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ എന്നിവയാണ് സോണുകൾക്ക് അടിസ്ഥാനമാക്കുക.

അഞ്ച് സോണുകളെ 28 അഗ്രോ ഇക്കോളജിക്കൽ സോണുകളാക്കി വേർതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും എന്ത് കൃഷി ചെയ്യാം, എന്ത് കൃഷി ചെയ്യരുത് എന്ന് മാർഗരേഖ തയാറാക്കും. ഓരോ പ്രദേശത്തിനും തനതായ സൂക്ഷ്മതലത്തിൽ യൂണിറ്റ് അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ കൃഷിയിൽ കൊണ്ടുവരും. ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. കർഷകസഭ, ഞാറ്റുവേലച്ചന്ത ജില്ലാതല ക്രോഡീകരണ റിപ്പോർട്ട് യു.ആർ. പ്രദീപ് എം.എൽ.എ മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. യു.ആർ. പ്രദീപ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൺ ജെന്നി ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആത്മ പ്രൊജക്ട് ഡയറക്ടർ അനിത കരുണാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കെ.ഇ. ഉഷ, ഡോ. വി. തുളസി എന്നിവർ ക്‌ളാസെടുത്തു. വി.എസ് റോയി കാർഷിക പ്രശ്‌നോത്തരി നയിച്ചു.