കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്ന് എടവിലങ്ങ്, എറിയാട് പഞ്ചായത്തുകളുടെ തീരദേശത്തെ് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാനായി അറപ്പ തുറന്നു. ഈ രണ്ട് പഞ്ചായത്തുകളുടെയും അതിർത്തി പങ്കിടുന്ന പുതിയ റോഡ് ഭാഗത്തെ പെരുന്തോടിന്റെ കൈവഴി കടലിലേയ്ക്ക് തുറന്നു വിടുന്ന പ്രക്രിയയാണിത്. തോടിനും കടലിനും ഇടയിലുള്ള മണൽത്തിട്ടയിൽ ജെ.സി.ബി ഉപയോഗിച്ച് ചാല് രൂപപ്പെടുത്തിയാണ് വെള്ളം കടലിലേക്ക് ഒഴുക്കുന്നത്.
ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ, എടവിലങ്ങ്-എറിയാട് പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ എ.പി. ആദർശ്, പ്രസാദിനി മോഹനൻ, പഞ്ചായത്തംഗങ്ങളായ പ്രസന്ന ശിവദാസൻ, കുഞ്ഞുകുട്ടൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വെള്ളം നിറഞ്ഞതോടെ തീരദേശവാസികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ഉയർന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ് അറപ്പ പൊട്ടിക്കൽ നടത്തിയത്.