കൊടുങ്ങല്ലൂർ: പ്രളയവും വെള്ളക്കെട്ടും നാശോന്മുഖമാക്കിയ തന്റെ കുടിലിന്റെ പുനരുദ്ധാരണത്തിന് ധനസഹായം ലഭ്യമാക്കാൻ നടത്തിയ നിമിഷ ജെൻസന്റെ പരിശ്രമം വൃഥാവിലായില്ല. അറ്റകുറ്റപ്പണികൾക്കായി അറുപതിനായിരം രൂപ അനുവദിച്ച് ഉത്തരവായി. പ്രളയ ബാധിതർക്കുള്ള ധനസഹായത്തെ കുറിച്ച് വൈകിയാണറിഞ്ഞത്. കിടപ്പാടം അറ്റകുറ്റപ്പണി നടത്താനെങ്കിലും കഴിഞ്ഞെങ്കിൽ എന്നാശിച്ചാണ് അപ്പീൽ നൽകിയത്. ഇതുസംബന്ധിച്ച് വില്ലേജ് ഓഫീസർ റസിയയിൽ നിന്നുള്ള അറിയിപ്പ് നിമിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. എറിയാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ 234ാം നമ്പർ വീടാണിപ്പോൾ നിമിഷയ്ക്ക് സ്വന്തമായിട്ടുള്ളത്. ജന്മമെടുത്തത് ട്രാൻസ് ജെൻഡറായാണെന്നതിനാൽ ദുരഭിമാനത്തിന്റെ ഇരയായാണ് മൂത്തകുന്നത്തുള്ള വീട്ടുകാരിൽ നിന്നുമകന്ന് തനിച്ച് കഴിയേണ്ടി വന്നത്.
ട്രാൻസ്‌ജെൻഡറായി പോയതിന്റെ പേരിൽ സമൂഹത്തിന് മുന്നിൽ ഒരേസമയം ചൂഷണവസ്തുവും പരിഹാസപാത്രവുമായി മാറിയതോടെ അഴീക്കോട്ടേക്ക് മാറി താമസിക്കുകയായിരുന്നു. ഏറെ വൈകിയാണെങ്കിൽ പോലും ട്രാൻസ് ജെൻഡേഴ്‌സിന് പ്രത്യേക പരിഗണന ഉറപ്പാക്കാൻ സർക്കാർ തന്നെ മുന്നോട്ടുവന്നിട്ടും അതിജീവനത്തിനായി ദുരിതക്കയം തന്നെ താണ്ടേണ്ടുന്ന അവസ്ഥ മാറിയിട്ടില്ലെന്നാണ് നിമിഷയുടെ പക്ഷം. സംസ്ഥാനത്തെ ട്രാൻസ് ജെൻഡർ കൂട്ടായ്മകളിലെല്ലാം ഭാഗഭാക്കായി ഈ വിഭാഗത്തിനുള്ള പരിരക്ഷയെ കുറിച്ചെല്ലാം നല്ല ബോദ്ധ്യമുള്ള നിമിഷ, ട്രാൻസ് ജെൻഡർ എന്ന നിലയിൽ ആദ്യത്തെ ആധാർ കാർഡും റേഷൻ കാർഡും സ്വന്തമാക്കിയവരിലൊരാളാണ്. മെട്രോ റെയിൽവേയിൽ ട്രാൻസ് ജെൻഡേഴ്‌സിനെ നിയമിച്ചപ്പോൾ താനും പരിഗണിക്കപ്പെട്ടെങ്കിലും മൂത്തകുന്നത്തെ അയൽവാസികളായിരുന്ന ചിലരുടെ ദുഷ്ടത മൂലം അവസരം നിഷേധിക്കപ്പെടുകയായിരുന്നുവെന്ന് നിമിഷ ചൂണ്ടിക്കാട്ടുന്നു. വീണ്ടും പരിഗണിച്ചപ്പോൾ അക്കാര്യം അറിയാതെ പോയത് മൂലം ആ അവസരവും ഇല്ലാതായി. ഇടയ്ക്കിടെയുള്ള ട്രെയിനിലെ ഭിക്ഷാടനം കൊണ്ടാണ് ജീവിച്ചുപോകുന്നതെന്ന് നിമിഷ പറയുന്നു. വീട് വാസയോഗ്യമാക്കാനായാൽ എവിടെ നിന്നെങ്കിലും വായ്പയെടുത്തോ മറ്റോ എന്തെങ്കിലും സ്വയം തൊഴിൽ ചെയ്യണമെന്നതാണ് നിമിഷയുടെ ആഗ്രഹം.