തൃശൂർ: അഗ്നി ശത്രുവല്ല, മിത്രമാണെന്നും നമ്മുടെ കൈകളിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ദുരന്തങ്ങളുണ്ടാകുന്നതെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. കേരളകൗമുദിയും ഫയർ ആൻഡ് റസ്‌ക്യു തൃശൂർ യൂണിറ്റും സംയുക്തമായി ചിറ്റിലപ്പിള്ളി ഐ.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിച്ച അഗ്നി സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഓരോരുത്തർക്കും കഴിയണം. കൃത്രിമമായ സുരക്ഷിത ബോധത്തിന്റെ തണലിലാണ് നാം. എപ്പോൾ വേണമെങ്കിലും സ്ഥിതിഗതികൾ മാറും. പ്രകൃതിദുരന്തങ്ങൾ പോലുള്ള മഹാദുരന്തങ്ങളൊന്നും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണ് അപകടങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ഓരോരുത്തർക്കും എന്തു ചെയ്യാനാകുമെന്ന ചിന്തയുണ്ടാകേണ്ടത്. പ്രളയകാലത്ത് നിരവധി പേരെ രക്ഷപ്പെടുത്താൻ മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞു. വെള്ളത്തിൽ നിന്ന് രക്ഷിക്കാനേ അവർക്ക് കഴിഞ്ഞുള്ളു. മരണത്തെ മുഖാമുഖം കാണുന്ന അവസരത്തിൽ ഒരാൾക്ക് ലഭിക്കേണ്ട പ്രാഥമിക ശുശ്രൂഷയെ കുറിച്ച് അവർ ബോധവാന്മാരായിരുന്നില്ല.
അതുകൂടി അവർക്ക് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ ജീവനുകൾ രക്ഷിക്കാനാകുമായിരുന്നു. ആപത്ഘട്ടങ്ങളിൽ രക്ഷയൊരുക്കുന്നതോടൊപ്പം പ്രാഥമിക ശുശ്രൂഷ കൂടി നൽകാൻ കഴിയുന്ന ഒരു വിഭാഗത്തെ ബോധവത്കരണങ്ങളിലൂടെ വളർത്തിയെടുക്കാൻ കഴിയും. പുറ്റിങ്ങൽ പോലുള്ള അപകടങ്ങൾ ഉണ്ടായത് മനുഷ്യരുടെ ശ്രദ്ധയില്ലായ്മ കൊണ്ടാണ്. അപകടങ്ങൾ വിളിച്ചുവരുത്തുന്നതിന് പകരം പരമാവധി ഒഴിവാക്കാനുള്ള മാർഗം സ്വീകരിക്കുകയാണ് വേണ്ടതെന്നും കളക്ടർ പറഞ്ഞു. ഐ.ഇ.എസ്. എഡ്യുക്കേഷൻ സിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ഓഫീസർ പി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പൽ ഡോ. ബ്രില്ലി സംഗീത, എഡ്യുക്കേഷൻ സിറ്റി ട്രഷറർ എൻ.കെ ഉമ്മർ, ഡയറക്ടർ അബൂബക്കർ, കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഫയർ ഫോഴ്സിനായി ജില്ലാ ഫയർ ഓഫീസർ രഞ്ജിത്ത്, സ്റ്റേഷൻ ഓഫീസർ ദിലീപ്, കേരളകൗമുദിക്കായി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ, ബ്യൂറോ ചീഫ് പ്രഭുവാര്യർ എന്നിവർ കോളേജിന്റെ ഉപഹാരം ഏറ്റുവാങ്ങി. കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭുവാര്യർ സ്വാഗതവും കോളേജ് സ്റ്റാഫ് പ്രതിനിധി ഡോ. ജി. കൃതിക നന്ദിയും പറഞ്ഞു. തുടർന്ന് ഫയർ ആൻഡ് റസ്ക്യൂ തൃശൂർ യൂണിറ്റ് ഫയർ ഓഫീസർ ദിലീപ് ബോധവത്കരണ സെമിനാർ നയിച്ചു...