തൃശൂർ: നീര, ഉരുക്കു വെളിച്ചെണ്ണ, മറ്റ് ഉപോല്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, തെങ്ങിൻ തടിയിൽ നിന്നു മേൽത്തരം ഫർണിച്ചർ നിർമ്മാണം, ചകിരിച്ചോർ വളമാക്കി മാറ്റൽ എന്നിവയിലൂടെ തെങ്ങ് കൃഷിക്കാർക്ക് അധിക വരുമാനം ഉറപ്പു വരുത്തുന്ന 24.7 കോടിയുടെ പദ്ധതിക്ക് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) അംഗീകാരം. നാളികേര കൃഷിയ്ക്കും മൂല്യ വർദ്ധനവിനും ഊന്നൽ കൊടുത്തു കൊണ്ട് കാർഷികസർവകലാശാല നടപ്പിലാക്കുന്ന ബൃഹദ് പദ്ധതി, നാളികേരകൃഷിയുടെ മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.
ലോകത്താദ്യമായി സങ്കര ഇനം തെങ്ങ് വികസിപ്പിക്കുകയും സംസ്ഥാനത്താദ്യമായി നീര സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും ചെയ്ത കാർഷിക സർവകലാശാലയ്ക്ക് നാളികേരത്തിന്റെ മൂല്യവർദ്ധിതോല്പന്നങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യാനാകും. കർഷകർക്ക് വിളപരിപാലനത്തിലും രോഗ, കീട നിയന്ത്രണത്തിലും വിവിധ മൂല്യ വർദ്ധനോപാധികളിലും പരിശീലനം നൽകാൻ സർവകലാശാല തയ്യാറെടുക്കുകയാണ്. തെങ്ങിന്റെ എല്ലാ ഭാഗവും ഉപയോഗയോഗ്യവും ആദായസ്രോതസും ആക്കി മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നാളീകേര കൃഷി പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പരിപാടിക്ക് പിൻബലമേകുന്ന തരത്തിലാണ് സർവകലാശാല പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി അടങ്കലിൽ 19.7 കോടി ഐ.സി.എ.ആറും ബാക്കി അഞ്ചു കോടി സംസ്ഥാന സർക്കാറുമാണ് വഹിക്കുക. ഈ സാമ്പത്തിക വർഷം മുതൽ മൂന്നു വർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് സർവകലാശാലാ ഗവേഷണ ഡയറക്ടർ ഡോ.പി. ഇന്ദിരാ ദേവി നോഡൽ ഓഫീസറും നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ.ആർ. സുജാത മുഖ്യ ഗവേഷകയും ആയി വിവിധ കാർഷിക വിഷയങ്ങളിലെ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ചുള്ള സമിതിയും രൂപീകരിച്ചു.
കേരകൃഷിയുടെ വിസ്തൃതി , ഉത്പാദനം എന്നിവ വർദ്ധിപ്പിക്കുക, സംയോജിത വിളപരിപാലന മുറകൾ സ്വീകരിച്ച് നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് കൃഷിവകുപ്പ് ആലപ്പുഴയിലും മറ്റും നാളികേര വികസന കൗൺസിൽ രൂപീകരിച്ചിരുന്നു. കേരകൃഷി വ്യാപകമാക്കാനും നാളികേര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.
കേരകൃഷിയുടെ പുനരുജ്ജീവനം അനിവാര്യം
''കേരളത്തിന്റെ പേരിനു തന്നെ ആധാരമായ കേരകൃഷിയുടെ പുനരുജ്ജീവനമാണ് കാർഷിക മേഖലയുടെ പുന:സൃഷ്ടിക്ക് അടിസ്ഥാനമെന്ന തിരിച്ചറിവാണ് ഈ മേഖലയ്ക്കായി ബൃഹദ് പദ്ധതി തയ്യാറാക്കാൻ പ്രേരണയായത്.''
ഡോ.ആർ.ചന്ദ്ര ബാബു, വൈസ് ചാൻസിലർ, കാർഷികസർവകലാശാല