തൃശൂർ: ആറ്റിക്കുറുക്കി, കാച്ചിമിനുക്കി, കല്ലിൽ കൊത്തിവച്ച ശില്പം പോലെയുള്ള കവിതകൾ. അങ്ങനെയാണ് സാഹിത്യലോകം ആറ്റൂരിന്റെ കവിതകളെ വിശേഷിപ്പിച്ചത്. എങ്ങനെയാണ് കവിത വരുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ പറയും, 'ഏതെങ്കിലും വിഷയത്തെക്കുറിച്ച് എഴുതേണ്ടതല്ല കവിത. ജീവൻ പിറവിയെടുക്കുന്ന പോലെ ഉള്ളിൽ തോന്നുന്നത് അതേപടി എഴുതുമ്പോഴാണ് കവിതയും ജനിക്കുന്നത്' എന്ന്. വാക്കുകളുടെ ചന്തമാണ് ആറ്റൂർ കവിതകളുടെ സവിശേഷത. ആവർത്തനം ഇല്ലാതിരിക്കാൻ പലപ്പോഴും എഴുതാതിരുന്നു. കവിതയ്ക്കായി വലിയ മൗനത്തിലാണ്ടു. അതിനാൽ കവിതകളുടെ എണ്ണം കുറഞ്ഞുപോയി. പക്ഷേ, മിന്നൽപ്പിണർ പോലെയുള്ള ആശയങ്ങൾ വാക്കുകളിൽ കത്തിജ്ജ്വലിച്ചു നിന്നു. പൊതുവേദികളിൽ നിന്നും ഒഴിഞ്ഞു മാറിയതിനാൽ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ ആറ്റൂരുണ്ടായില്ല.
അദ്ധ്യാപനത്തിൽ അദ്ദേഹം വേറിട്ടു നിന്നു. ശബ്ദം നേർത്തതാണെങ്കിലും ആഴത്തിലുള്ള വിഷയങ്ങളുടെ പ്രതിദ്ധ്വനി ക്ളാസ് മുറികളിൽ മുഴങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനുമെല്ലാം ശിഷ്യഗണങ്ങളിലുണ്ടായിരുന്നു. 1964-65 കാലഘട്ടത്തിൽ ബ്രണ്ണൻ കോളേജിൽ പിണറായിയെ പ്രീ യൂണിവേഴ്സിറ്റിക്ക് മലയാളം പഠിപ്പിച്ചു. ബിരുദത്തിനും പഠിപ്പിച്ചു. പ്രൊഫ. എം.എൻ. വിജയനും അവിടെ പിണറായിയുടെ അദ്ധ്യാപകനായിരുന്നു. പിണറായി വിജയൻ പൊതുവേ നിശബ്ദനായ വിദ്യാർത്ഥിയായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. കുറച്ചുമാത്രം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു എം.എൻ. വിജയനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആറ്റൂർ ഗ്രാമത്തിലായിരുന്നു രവിവർമ്മ ജനിച്ചുവളർന്നത്. പണ്ഡിതനായിരുന്ന ആറ്റൂർ കൃഷ്ണ പിഷാരടിയുടെ നാട്. മലയാളത്തിലെ ലളിതമായ ഗദ്യങ്ങളാണ് അധികവും ആറ്റൂർ വായിച്ചിരുന്നത്. ഉത്സവങ്ങളും ആഘോഷങ്ങളും കണ്ടും ഒരുപാട് പഴങ്കഥകൾ കേട്ടും കമ്യൂണിസ്റ്റ് സാഹിത്യം വായിച്ചും വളർന്ന ബാല്യം. ചെറുതുരുത്തിയിലെ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിയത്. കോഴിക്കോട് നിന്ന് ഇറങ്ങുന്ന പത്രത്തിലാണ് ആദ്യ കവിത അച്ചടിച്ചത്. പഠനം കഴിഞ്ഞപ്പോൾ മദ്രാസിലെ പ്രസിഡൻസി കോളേജിൽ ലക്ചററായി ജോലി കിട്ടി. ആ സമയത്താണ് എം. ഗോവിന്ദനുമായി അടുക്കുന്നത്. ഗോവിന്ദൻ എഡിറ്റ് ചെയ്ത മാഗസിനിൽ കവിത പ്രസിദ്ധീകരിച്ചു. അങ്ങനെ ആറ്റൂരിന്റെ കവിതയുടെയും ജീവിതത്തിന്റെയും വഴിയും കാഴ്ചയും തിരുത്തിയ ഗുരുവായി ഗോവിന്ദൻ. തൃശൂരിലെ രാഗമാലികപുരത്തെ ആറ്റൂരിന്റെ വീടിന്റെ പേര് ശഹാന. കവിതയെഴുത്തും വിവർത്തനവും ചേർന്നതു മാത്രമല്ല, സംഗീത സാന്ദ്രവുമായിരുന്നു ആ ജീവിതം.