-ravi-varma-passed-away

തൃശൂർ:വാക്കുകളുടെ ധാരാളിത്തമില്ലാതെ ആറ്റിക്കുറുക്കിയ കവിതകളിലൂടെ മലയാളസാഹിത്യത്തിന് ആധുനികതയുടെ മുഖം നൽകിയ കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമ്മ (88) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ്റൂരിന്റെ അന്ത്യം ഇന്നലെ വൈകിട്ട് 4.20 നായിരുന്നു. അമേരിക്കയിലുളള മകൻ എത്തിയശേഷം നാളെ ഉച്ചയ്ക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ ഭൗതികദേഹം സംസ്‌കരിക്കും. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ സാഹിത്യ അക്കാഡമിയിൽ പൊതുദർശനത്തിന് വയ്ക്കും.

മരണസമയത്ത് ഭാര്യയും മകൻ ഡോ. പ്രവീണും അടുത്തുണ്ടായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കവിതയെഴുതിയത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കാവ്യജീവിതത്തിൽ എഴുത്തച്ഛൻ, ആശാൻ പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

1956ൽ ഉപരിപഠനത്തിനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എത്തിയതോടെ ഒ.എൻ.വി അടക്കമുള്ള കവികളുമായുളള സൗഹൃദം കാവ്യജീവിതം പുഷ്‌കലമാക്കി. കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു.

മലയാളത്തിൽ എം. എ നേടി മദ്രാസ് പ്രസിഡൻസി കോളേജിൽ അദ്ധ്യാപന ജീവിതം തുടങ്ങി. തലശേരി ബ്രണ്ണൻ കോളേജിൽ എത്തിയപ്പോഴാണ് മഹാകവി പി. കുഞ്ഞിരാമൻ നായരെ കണ്ടുമുട്ടുന്നത്. ആ ബന്ധമാണ് മേഘരൂപൻ എന്ന പ്രശസ്ത കൃതിയുടെ പിന്നിൽ. 1986ൽ അദ്ധ്യാപനവൃത്തിക്ക് ശേഷം തൃശൂർ നഗരത്തിൽ രാഗമാലികപുരം ശഹാനയിൽ സ്ഥിരതാമസമാക്കി. കവിതകൾക്ക് പുറമേ തമിഴിൽ നിന്നടക്കം നിരവധി കൃതികൾ അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. സുന്ദര രാമസ്വാമിയുടെയും രാജാത്തി സൽമയുടെയും ജി. നാഗരാജിന്റെയുമൊക്കെ പുസ്തകങ്ങൾ അദ്ദേഹം മലയാളിക്ക് പരിചയപ്പെടുത്തി. കമ്പരാമായണം വിവർത്തനമാണ് അവസാന കൃതി.

സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വം മന്ത്രി എ.കെ ബാലൻ കഴിഞ്ഞ മാർച്ച് ഒമ്പതിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സമർപ്പിച്ചത്.

ഭാര്യ ശ്രീദേവി വീട്ടമ്മയാണ്. മക്കൾ: നൗഷാദ് (എൻജിനിയർ, അമേരിക്ക), ഡോ. പ്രവീൺ ( കാർഡിയോളജിസ്റ്റ്, തൃശൂർ ജൂബിലി മിഷൻ ആശുപത്രി), റീത്ത. മരുമക്കൾ: ശങ്കരവാര്യർ (റിട്ട. എൻജിനിയർ പവർഗ്രിഡ് ), ഡോ. ജാനകി മേനോൻ (അസോ.പ്രൊഫ. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്), ഷെറിൽ (അമേരിക്ക).