ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പിൽ പലചരക്ക് കടയ്ക്കും ചായക്കടയ്ക്കും തീ പിടിച്ചതിനെ തുടർന്ന് കത്തിയമർന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ചെ 12 ഓടെയാണ് തൊട്ടാപ്പ് ബദർ പള്ളിക്കടുത്ത് പുത്തൻപുരയിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള കട കത്തിച്ചാമ്പലായത്. തീ ആളിപ്പടരുന്നത് കണ്ട പരിസരവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഗുരുവായൂർ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും കട പൂർണ്ണമായും കത്തിചാമ്പലായിരുന്നു. മേശ, കസേര തുടങ്ങിയ ഫർണിച്ചറുകളും ഭക്ഷ്യ വസ്തുക്കളും പൂർണ്ണമായി കത്തിയമർന്നു. വൈദ്യുതി ലഭിച്ചിട്ടില്ലാത്തതിനാൽ ബാറ്ററി ഉപയോഗിച്ചാണ് കടയിൽ ലൈറ്റ് പ്രകാശിപ്പിച്ചിരുന്നത്. തീ പിടുത്തത്തിൽ ദുരൂഹത ആരോപിച്ച് കടയുടമ ചാവക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അഗ്‌നിക്കിരയായ സ്ഥലങ്ങൾ സന്ദർശിച്ചു
ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പിൽ അഗ്‌നിക്കിരയായ പലചരക്ക് കടയും ചായക്കടയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ചാവക്കാട് മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, ജോയിന്റ് സെക്രട്ടറി പി.എസ്. അക്ബർ, കടപ്പുറം യൂണിറ്റ് പ്രസിഡന്റ് പി.യു. ഹുസൈൻ, സെക്രട്ടറി സി.ബി. ഹാരിസ്, ആർ.ടി. ജലീൽ, പി.പി. ലത്തീഫ്, കെ.എസ്. സിയാദ്, എം.സി. മുഹമ്മദ്, ശിവശങ്കരൻ കുഞ്ഞിമുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് പുത്തൻപുരയിൽ നാസറിന്റെ ഉടമസ്ഥതയിലുള്ള കട കത്തി നശിച്ചത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.