കൊടകര: കാർഷികോത്പന്നങ്ങൾ വൻതോതിൽ മോഷ്ടിക്കുന്ന വിരുതൻ അറസ്റ്റിൽ. കോടാലി മുരിക്കുങ്ങൽ സ്വദേശി ആളൂപ്പറമ്പിൽ സുരേഷ് എന്ന കുറുക്കൻ സുരേഷ് (47) ആണ് അറസ്റ്റിലായത്. ആളൂർ എസ്.ഐ: കെ.എസ്. സുശാന്തും സംഘവും ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് അന്വേഷണത്തിന് നേതൃത്വം നൽകി. കൊമ്പിടിയിലുള്ള കടമ്പാട്ടു പറമ്പിൽ ലോജി ലൂയിസിന്റെ വീടിന്റെ ടെറസിൽ ഉണക്കാനിട്ടിരുന്ന 144 കിലോയോളം ജാതിക്ക മോഷണം പോയിരുന്നു. ലോജി ലൂയിസിന്റെ പരാതി പ്രകാരം കേസെടുത്ത ആളൂർ പൊലീസും ക്രൈം സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിപ്പോൾ സംശയാസ്പദമായ രീതിയിൽ ഒരാളുടെ ദൃശ്യം സി.സി.ടി.വിയിൽ നിന്നും ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരേഷാണ് മോഷ്ടാവെന്ന് വ്യക്തമായി.
പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും വീട്ടിൽ വരാറില്ലാത്തതിനാൽ പിടികൂടാനായിരുന്നില്ല. തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി. വിജയകുമാറിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഇയാൾ തങ്ങാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ദിവസങ്ങളോളം പ്രത്യേക നിരീക്ഷണം നടത്തിയാണ് പിടികൂടിയത്. പകൽ സമയങ്ങളിൽ ഒളിത്താവളങ്ങളിൽ തങ്ങുന്ന ഇയാൾ രാത്രിയിൽ മാത്രമാണ് സഞ്ചരിക്കുന്നത്. അതിനാൽ കുറുക്കൻ സുരേഷ് എന്നാണ് അറിയപ്പെടുന്നത്.
കാർഷികോത്പന്നങ്ങൾ വൻതോതിൽ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ രാത്രിയിൽ കയറി ഉത്പന്നങ്ങൾ ബാഗിൽ കരുതുന്ന ചാക്കുകളിലാക്കി കടത്തിക്കൊണ്ടു പോകുകയാണ് പ്രതിയുടെ രീതി. മോഷണ മുതലുകൾ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കേരളത്തിന് വെളിയിൽ പോയി ആർഭാട ജീവിതം നയിക്കുകയാണ് സുരേഷിന്റെ പതിവ്. ജില്ലയിലെ ചാലക്കുടി, കൊരട്ടി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലും പാലക്കാട് ജില്ലയിലെ വിവിധ മലയോര പൊലീസ് സ്റ്റേഷനുകളിലും സമാനമായ മോഷണക്കേസുകളിൽ സുരേഷ് പ്രതിയാണ്.
പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്.ഐ: സുശാന്തിനെ കൂടാതെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനു മോൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, റെജി എ.യു, ഷിജോ തോമസ് എന്നിവരും ആളൂർ സ്റ്റേഷനിലെ രവി, സിജുമോൻ, സുനിൽകുമാർ, അനീഷ് കുമാർ എന്നിവരുമുണ്ടായി.