തൃശൂർ: ആപത്ഘട്ടങ്ങളിൽ സ്വയം രക്ഷപ്പെടുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി എങ്ങനെ രക്ഷിക്കാനാകുമെന്നതിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ അഗ്നിസുരക്ഷാ ബോധവത്കരണ സെമിനാർ വിദ്യാർത്ഥികൾക്ക് പുത്തനറിവായി. ഫയർ ആൻഡ് റസ്‌ക്യൂ തൃശൂർ യൂണിറ്റ് സ്‌റ്റേഷൻ ഓഫീസർ ദിലീപിന്റെ നേതൃത്വത്തിലായിരുന്നു സെമിനാർ. 20 മിനിറ്റ് നീളുന്ന വീഡിയോ പ്രദർശനത്തിലൂടെയായിരുന്നു തുടക്കം. തീപിടുത്തമുണ്ടാകുമ്പോൾ എങ്ങനെ രക്ഷപ്പെടാം, ആദ്യം ചെയ്യേണ്ടത് എന്തൊക്കെ, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, പാഴ് വസ്തുക്കൾക്ക് തീയിടുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ, കിണർ വൃത്തിയാക്കാനിറങ്ങുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളെന്തൊക്കെ, വെള്ളത്തിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷിച്ചാൽ നൽകേണ്ട പ്രാഥമിക ശുശ്രൂഷകൾ എന്തൊക്കെ തുടങ്ങിയ വിവിധ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു വീഡിയോ. ഇതിനു ശേഷം ഇക്കാര്യങ്ങളുടെ പ്രായോഗിക വശം കൂടി വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തി ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം പാചകവാത സിലിണ്ടറിന് തീപിടിച്ചാൽ അണയ്ക്കുന്നത് എങ്ങനെയാണ്, കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ എങ്ങനെ കെടുത്താം, കെട്ടിടങ്ങളുടെ മുകൾ നിലയിൽപ്പെട്ടു പോയാൽ രക്ഷപ്പെടുത്തുന്നതെങ്ങനെ തുടങ്ങിയവയുടെ ഡെമോയും ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ചു. ജോൺ ബ്രിട്ടോ, രമേഷ്, നവനീത കണ്ണൻ, ശ്യാം തുടങ്ങിയ ഫയർ ഫോഴ്‌സിലെ ജീവനക്കാരും സെമിനാറിൽ പങ്കാളികളായി.