​മാള:​ കണക്കൻകടവ് ​പാലത്തിലെ മുഴുവൻ തടയണകളുടേയും ചോർച്ച ​​പരിഹരിക്കാൻ ധാരണയായി. വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അടുത്ത ഒരു വർഷം കൂടി താൽക്കാലിക തടയണ സമയബന്ധിതമായി നിർമ്മിക്കാനും തീരുമാനിച്ചു.

ലോഹ തടയണകൾ പൂർണമായി പ്രവർത്തനസജ്ജമാക്കുന്നതിന് ഏകദേശം 21 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഒരു മാസത്തിനകം പദ്ധതി തയ്യാറാക്കാനാണ് ജലസേചന വകുപ്പിനോട് നിർദേശിച്ചിരിക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള ലോഹം കൊണ്ടുള്ള തടയണയാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ഉപ്പുവെള്ളത്തിൽ തകരാതിരിക്കാനാണ് നിലവാരമുള്ള ലോഹം ഉപയോഗിക്കുന്നത്. അടുത്ത വേനൽക്കാലത്ത് പെരിയാറിൽ നിന്ന് ഉപ്പുവെള്ളം കയറുന്നതിന് മുൻപുതന്നെ മണൽ ചാക്ക് കൊണ്ടുള്ള താൽക്കാലിക തടയണ കെട്ടാനും യോഗത്തിൽ നിർദേശം ഉണ്ടായി. ഈ തീരുമാനം നടപ്പാക്കുന്നതോടെ ചാലക്കുടിപ്പുഴയിലേക്ക് കാലങ്ങളായി ഉപ്പുവെള്ളം കയറുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

..........................

തീരുമാനങ്ങൾ

അടുത്ത ഒരു വർഷം കൂടി മണൽ ചാക്ക് കൊണ്ടുള്ള താൽക്കാലിക തടയണ നിർമ്മിക്കും

തുടർന്ന് ലോഹം കൊണ്ടുള്ള തടയണയാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്

ലോഹ തടയണകൾക്കായി ഏകദേശം 21 കോടി രൂപ ചെലവ്

ഉപ്പുവെള്ളത്തിൽ തകരാതിരിക്കാൻ ഇത് സഹായിക്കും

നടപ്പാക്കുന്നതോടെ ചാലക്കുടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം