1971ൽ പട്ടാമ്പി കോളേജിൽ മാഷായി ചെല്ലുന്നതുമുതലാണ് ഞാനും ആറ്റൂരും തമ്മിലുള്ള സൗഹൃദത്തിന് തുടക്കമിടുന്നത്. അന്നു മുതൽ ഇന്നലെ വരെ ഞങ്ങൾക്കിടയിൽ വളർന്നുകൊണ്ടേയിരുന്ന സൗഹൃദമായിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് നടന്ന വഴികൾ ഏറെയാണ്.
ഇരുന്ന പുഴക്കരകളും ഏറെയുണ്ട്. മുങ്ങിക്കുളിച്ച പുഴകൾ ഒരുപാടുണ്ട്. ഒന്നിച്ച് വായിച്ച കവിതകളും ധാരാളമാണ്. തമിഴ്നാട്ടിലെ ത്യാഗരാജോത്സവത്തിന് സംഗീതം കേൾക്കാൻ പല വർഷങ്ങളിലും പോയിട്ടുണ്ട്. തഞ്ചാവൂരിലെ വയലുകളിൽ മഞ്ഞ് പിടിച്ച രാത്രികളിൽ നിലാവ് നോക്കി നിന്നിട്ടുണ്ട്. സൂക്ഷ്മമായ നിലാവിലൂടെയും നിറഞ്ഞൊഴുകുന്ന കാവേരിയിലൂടെയും മനസിൽ പ്രളയംപോലെ വന്നുനിറയുന്ന സംഗീതത്തിലൂടെയും രണ്ടാൾക്കുമിടയിൽ പറയാതെ ഉണ്ടാകുന്ന ഒരു ലയമുണ്ടായിരുന്നു. ആറ്റൂരാണ് കൊച്ചിയിലെ ഉത്സവങ്ങൾ, പൂരങ്ങൾ, വേലകൾ, പ്രസിദ്ധമായ കോവിലുകൾ, ക്ഷേത്രങ്ങൾ, കാവുകൾ എന്നിവിടങ്ങളിലൊക്കെ എന്നെ കൊണ്ടുപോയിട്ടുള്ളത്. അതിസൂക്ഷ്മ വൈദഗ്ദ്ധ്യമുള്ള മേളപ്രിയനാണ് ആറ്റൂർ. ഉത്സവങ്ങളെപ്പോലെ മേളത്തോടും അദ്ദേഹത്തിന് പ്രിയമുണ്ടായിരുന്നു. വേണ്ടതല്ലാത്ത ഒരു ശബ്ദവും മേളത്തിൽ വരാൻ പാടില്ല. മേളത്തിൽ വേണ്ടതേ വരൂ. വളരെ കണിശമായ ഒരു താളവ്യവസ്ഥയിലാണ് അത് വരുന്നത്. അതിന് അതിന്റെതായ ആരോഹണവും അവരോഹണവുമുണ്ട്. ഇങ്ങനെ, ക്ളാസിക്കൽ സംഗീതത്തിന്റെയും താളവ്യവസ്ഥയുടെയും സംസ്കാരത്തിൽ നിന്നാണ് അഥവാ മേളത്തിന്റെതായ സംസ്കാരത്തിൽ നിന്നാണ് ആറ്റൂർ സ്വന്തം കാവ്യരൂപശില്പത്തെ രൂപപ്പെടുത്തിയത്.
വേണ്ടാത്തത് പെട്ടെന്ന് വർജ്ജിക്കാനുള്ള സഹജശുദ്ധി ആറ്റൂരിനുണ്ട്. ജീവിതത്തിലെ ഏറ്റവും പുതിയ കാലത്തെ, സങ്കീർണമായിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയും സ്വന്തം രീതിയിൽ തന്നെ അവയെ അവതരിപ്പിക്കാനും ആറ്റൂരിന് കഴിഞ്ഞു. ഭാരതീയവും ദ്രാവീഡിയവും കേരളീയവുമായ സാംസ്കാരിക അനുഭവത്തിന്റെ അടരുകളിലൂടെ, കൊച്ചിയിലേക്കും ആറ്റൂരിലേക്കും ഭാരതപ്പുഴയുടെ തീരത്തേക്കും ആണ്ടാണ്ട് പോകുന്ന സ്വത്വത്തിലേക്കുള്ള അയനമായിട്ട് ,വർത്തമാന നിമിഷത്തെ തന്റെ ദേശീയമായ സാംസ്കാരിക സ്വത്വവുമായി അന്വയിക്കുന്ന വിചിത്രമായ ഒരു പ്രക്രീയ അദ്ദേഹത്തിന്റെ കാവ്യരചനയിലുണ്ട്. ആറ്റൂരിന്റെ കവിതകൾ ആഴമുള്ളതാണ്. ശബ്ദം കുറഞ്ഞതാണ്. മേളത്തിന്റെ മുഴക്കംപോലെ ആറ്റൂരിന്റെ രചനകളിലെ ഓരോ വാക്കും മുഴക്കമുള്ളതാണ്. ക്ളാസിക്കൽ കലകളിൽ അച്ചടക്കം വളരെ പ്രധാനമാണ്. ഈയൊരു ഗുണം കാവ്യകലയിൽ ആറ്റൂർ ഉൾക്കൊണ്ടിട്ടുണ്ട്. സ്ഥൂലതകളെ വർദ്ധിപ്പിച്ച് സൂക്ഷ്മതയിലേക്ക് ആണ്ടാണ്ട് പോകുന്ന ക്ളാസിക്കൽ കലകളുടേതായ ആത്മസൗന്ദര്യം അദ്ദേഹത്തിന്റെ കവിതകൾ സ്വാംശീകരിച്ചിട്ടുണ്ട്. പുതിയ കവികളിൽ ഇത്തരമൊരു സവിശേഷത ആറ്റൂരിലുള്ളതുപോലെ മറ്റാരിലും കാണാൻ കഴിയില്ല.
ആറ്റൂരിന്റെ കവിതകൾക്ക് എത്രകാലം കഴിഞ്ഞാലും പഴക്കം വരില്ല. എത്ര പഴകിയാലും ആറ്റൂർ കവിതകളുടെ രാഗത്തിനും താളത്തിനും പഴക്കംവരില്ല. ക്ളാസിസത്തിന്റേതായ സമകാലിക പ്രവണത, മറ്റു പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു ആത്മബലം എന്നിവ ക്ളാസിക്കൽ കലയിൽ നിന്ന് രവിവർമ്മയുടെ കവിതകളിലേക്ക് പകർന്ന് വന്നിട്ടുണ്ട്. തന്നെ ആവർത്തിക്കാതിരിക്കാൻ എന്നും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
യാഥാസ്ഥിതികതയോട് എന്നും കലഹിച്ചിരുന്ന ആളായിരുന്നു ആറ്റൂർ. വൈദേശികമോ അന്യമോ ആയ കോയ്മക്കെതിരായി പ്രതിരോധിക്കുന്ന നിലപാട് തുടക്കംമുതൽ രവിവർമ്മ കവിതകളിലുണ്ട്. സ്വതവേ ഒരു റിബലാണ്. പഠിക്കുന്ന കാലത്ത് ഒരു കലാപകാരിയായിരുന്നു. കോളേജിൽ പഠിപ്പിച്ചുതുടങ്ങിയപ്പോഴും പ്രിൻസിപ്പൽമാരോടും വഷളൻ നിയമങ്ങളോടും കലഹിച്ചുപോന്നിട്ടുള്ളയാളാണ്. അദ്ദേഹത്തിന് പൊരുത്തം ഉണ്ടായിരുന്നത് സുഹൃത്തുക്കളോട് മാത്രമായിരുന്നു. സ്വാതന്ത്ര്യം എന്നു പറയുന്നത് വലിയ ആത്മാഭിമാനമായി ആറ്റൂരിന്റെ കവിതകളിലുമുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലുമുണ്ട്. അംഗീകാരത്തിന്റെ പിറകെ പോകുന്നയാളായിരുന്നില്ല. എങ്കിലും അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
(പ്രഭുവാര്യരോട് പറഞ്ഞത്)