തൃശൂർ : ജില്ലാ പഞ്ചായത്തിന്റെ ഷീ ലോഡ്ജ് കം കുടുംബശ്രീ പരിശീലന കേന്ദ്രത്തിന് അടുത്ത മാസം തറക്കല്ലിടും. വളളത്തോൾ നഗർ പഞ്ചായത്ത് സംഭാവന ചെയ്ത ഭൂമിയിൽ അഞ്ച് കോടി രൂപ ചെലവിലാണ് ഷീ ലോഡ്ജ് കം കുടുംബശ്രീ പരിശീലന കേന്ദ്രം നിർമ്മിക്കുന്നത്. നാല് നിലകളിലായി വിഭാവനം ചെയ്ത കെട്ടിടത്തിന്റെ രണ്ട് നിലകളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാവുക. ഇതിന് ഒന്നരകോടി രൂപ മാറ്റിവച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ബാലസൗഹൃദ ജില്ല പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് മൂന്ന് ലക്ഷം രൂപ വീതം നൽകും. 29,943,00 രൂപയാണ് ഇതിനായി വകയിരുത്തിയത്. ലൈഫ് മിഷൻ ഭവന പദ്ധതിക്കായി 8,91,000 രൂപ വകയിരുത്തി. ഒരു വീടിന് 25,000 രൂപ എന്ന നിരക്കിലാണിത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ എം. പത്മിനി, ജെന്നി ടീച്ചർ, മഞ്ജുള അരുണൻ, കെ.ജി. ഡികസ്ൺ എന്നിവർ സംസാരിച്ചു.