തൃശൂർ : ആറ്റൂരിന്റെ കവിതകൾ ആറ്റിക്കുറിച്ചതാണ്. ഒരു വരി പോലും എടുത്തുമാറ്റേണ്ട, വെട്ടിക്കളയേണ്ട. അത്രയ്‌ക്കേറെ കുറിക്കുകൊള്ളും ഓരോ വാക്കും. വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയല്ല ആറ്റൂരിന്റേത്. എല്ലാം ശ്രദ്ധിച്ചുമാത്രം. കുറച്ചുമതി... അതു നന്നാവണം. ഇതാണ് ആറ്റൂരിന്റെ മതം. അതുകൊണ്ടുതന്നെ ആറ്റൂർ എഴുതിയ കവിതകളെല്ലാം നാഴികക്കല്ലുകളാണ്. മനസിൽ തോന്നുന്നത് അപ്പോൾ എഴുതുന്ന സ്വഭാവവും തീരെയില്ല. എല്ലാം മനസിൽ കൊണ്ടുനടക്കും.
എല്ലാ വശങ്ങളും പരിശോധിക്കും. ആ വാക്കുകളുടെ സ്വഭാവവും അത് ചെന്നെത്തുമ്പോഴുണ്ടാകുന്ന പ്രതിധ്വനിയുമെല്ലാം അതിലുണ്ടാകും. ശ്രദ്ധിച്ചുമാത്രം എഴുതും. അതിന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ആറ്റൂർ രവിവർമ്മ മലയാളികൾക്ക് നൽകിയ സമ്മാനങ്ങളാണ് ആ കൃതികൾ. ഷൊർണൂരിനടുത്ത് ആറ്റൂർ എന്ന ഗ്രാമത്തിലാണ് രവിവർമ്മയുടെ ജനനം.
സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ കവിതകളോട് പ്രത്യേക കമ്പം തോന്നി. അത് കുറിച്ചിടുക പതിവായി. എന്നാലും കവിത കാര്യമായെടുത്തിരുന്നില്ല. പിന്നീട് കോളേജിലേക്ക് എത്തിയപ്പോഴാണ് കവിതയെ ഗൗരവത്തോടെ എടുത്തത്. അതും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ എത്തിയപ്പോൾ. അവിടെ നിന്ന് തുടങ്ങി വിടപറയുമ്പോൾ വളരെ കുറച്ച് കവിതകൾ മാത്രം എഴുതി അത് മലയാളികളുടെ മനസിൽ തങ്ങിനിറുത്താൻ രവിവർമ്മയ്ക്ക് സാധിച്ചു.
കോഴിക്കോട് പഠിക്കുമ്പോഴാണ് യുവശക്തി എന്ന പത്രത്തിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചത്. യാത്രകളോട് ഏറെ ഇഷ്ടം പുലർത്തിയിയിരുന്ന വ്യക്തിത്വമായിരുന്നു ആറ്റൂരിന്റേത്. മറ്റേതൊരു കവിയേക്കാളും ആറ്റൂരിനെ വേറിട്ട് നിറുത്തുന്നത് അദ്ദേഹത്തിന്റെ കവിതകളോടുള്ള സമീപനവും ശൈലിയും ഒന്നു മാത്രമാണ്. പുറം ലോകത്തിന്റെ കെട്ടുകാഴ്ചകളിൽ നാലുവരിയെഴുതി കവിയെന്ന പേരും പേറി അഹന്തയുടെ ഭാണ്ഡം തൂക്കി നടന്നിരുന്ന കവിയായിരുന്നില്ല ആറ്റൂർ. തന്നിലെ തന്നെ തേടിയുള്ള യാത്രകൾ. ദേശങ്ങളിലെ തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും വേറിടാതെ കവിത കൊണ്ട് ശിൽപ്പമൊരുക്കിയൊരാൾ. അതായിരുന്നു ആറ്റൂർ രവിവർമ്മ.