കയ്പ്പമംഗലം: ജനങ്ങൾക്ക് കാലതാമസമില്ലാതെ മികച്ച ഗുണമേന്മയുള്ള സേവനം നൽകിയ കയ്പ്പമംഗലം പഞ്ചായത്തിന് മികവിനുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ്. സെപ്റ്റംബർ ആദ്യവാരം ഔദ്യോഗിക ഫലപ്രഖ്യാപനവും ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും നടക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ടാറ്റ ക്വാളിറ്റി സർവീസ് എന്ന സ്ഥാപനം മേയ് എട്ടിനാണ് പഞ്ചായത്തിന് അംഗീകാരം നൽകിയത്. ഇവരുടെ രണ്ട് തലത്തിലുള്ള ഓഡിറ്റ് നടന്നതിന് ശേഷമാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. 2022 മേയ് 7 വരെയാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി.

ഐ.എസ്.ഒ അംഗീകാരത്തിനായി മികച്ചൊരു പൗരാവകാശ രേഖ തയ്യാറാക്കുകയായിരുന്നു പഞ്ചായത്ത് ആദ്യം ചെയ്തത്. ഇതിനായി പൗര സർവ് നടത്തി. ഫ്രണ്ട് ഓഫീസ് സേവനം കാര്യക്ഷമമാക്കി. പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ പാകത്തിൽ ഇരിപ്പിടങ്ങളൊരുക്കി ടെലിവിഷൻ, ആനുകാലികങ്ങൾ, പത്രങ്ങൾ എന്നിവ ഏർപ്പെടുത്തി. സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്, റാമ്പ്, അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാൻ ടച്ച് സ്‌ക്രീൻ സൗകര്യം, വിവിധ ബോർഡുകൾ എന്നിവയും സജ്ജീകരിച്ചു. ഫയലുകൾ തരം തിരിച്ചും വർഷം തിരിച്ചും സേവനം വേഗത്തിൽ ലഭ്യമാക്കാൻ ഉതകുന്ന തരത്തിൽ വിശാലമായ റെക്കോർഡ് റൂം തയ്യാറാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ തടസ്സങ്ങളൊന്നുമില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.

............................................

കഴിഞ്ഞ ഒരു വർഷമായി ഭരണസമിതിയും ഉദ്യോഗസ്ഥരും നടത്തിയ തീവ്രശ്രമത്തിനുള്ള അംഗീകാരം

ടി.വി. സുരേഷ് ( പഞ്ചായത്ത് പ്രസിഡന്റ്)