kda-malinya-kokkarni
മറ്റത്തൂർ പഞ്ചായത്ത്, കൃഷിഭവ ൻ ഓഫിസുകൾക്ക് പുറകിലായി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മലിനജലം നിറഞ്ഞകൊക്കർണി.

കൊടകര: നാടൊട്ടുക്കും ശുചീകരണ സന്ദേശം പ്രചരിപ്പിക്കും, നാട്ടിലെല്ലാം ശുചീകരിക്കും. എന്നാൽ തൊട്ടടുത്തെ കൊക്കർണിയിൽ മാലിന്യം തള്ളിനിറയ്ക്കും. കൊതുകിന്റെ പ്രജനനകേന്ദ്രമാക്കും. ബഹുരസമാണ് മറ്റത്തൂർ പഞ്ചായത്ത് അധികൃതരുടെ കാര്യം.

പഞ്ചായത്ത് കെട്ടിടത്തിന് സമീപം മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന കൊക്കർണി ശുചീകരിക്കാൻ പഞ്ചായത്ത് മടിക്കുന്നുവെന്ന പരാതിക്ക് ദീർഘനാളത്തെ പഴക്കമുണ്ട്. പഞ്ചായത്ത്, കൃഷിഭവൻ ഓഫീസുകൾക്ക് പിറകിലായി സ്വകാര്യ വ്യക്തിയുടെ നാല് സെന്റ് സ്ഥലത്തുള്ള കൊക്കർണിയാണ് മാലിന്യത്തൊട്ടിയായത്.

വർഷങ്ങളായി തള്ളിയ മാലിന്യം ചീഞ്ഞളിഞ്ഞതോടെ സമീപത്തെ ദുർഗന്ധം അസഹനീയമായി. പഞ്ചായത്ത്, കൃഷിഭവൻ ഓഫീസുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കടലാസുകളും ഉപയോഗശൂന്യമായ ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവയും ഭക്ഷണാവശിഷ്ടങ്ങളും മുടിവെട്ട് കടയിലെ മുടി മാലിന്യവും ചാക്കിൽ നിറച്ച് തള്ളിയ നിലയിലുമാണ് കൊക്കർണി. ആഴമുള്ള കൊക്കർണിയിൽ വർഷത്തിൽ വെള്ളം നിറഞ്ഞതോടെ ഇവിടം കൊതുകിന്റെ പ്രജനന കേന്ദ്രമായി.

കൊക്കർണിയിൽ നിറഞ്ഞ് കിടക്കുന്ന മലിനജലം സമീപത്തുള്ള കിണറുകളിലേക്കും, മറ്റ് ജലസ്രോതസുകളിലേക്കും എത്തുമോയെന്ന ആശങ്കയിലാണ് സമീപവാസികൾ. പകർച്ചവ്യാധികൾക്ക് സാദ്ധ്യതയുള്ള മാലിന്യം നിറഞ്ഞ കൊക്കർണി വൃത്തിയാക്കി ശുദ്ധജലസ്രോതസാക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

മറ്റത്തൂർ പഞ്ചായത്ത്, കൃഷിഭവ ൻ ഓഫീസുകൾക്ക് പിറകിലായി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മലിനജലം നിറഞ്ഞ കൊക്കർണി.