കൊടുങ്ങല്ലൂർ: സ്‌കൂൾ വിദ്യാർത്ഥിനികൾ സിഗരറ്റ് വലിക്കുന്ന വിവരമറിഞ്ഞ അദ്ധ്യാപകർ നടത്തിയ ചോദ്യം ചെയ്യൽ കഞ്ചാവ് ലോബിയെ പിടികൂടാൻ സഹായകമായി. പെൺകുട്ടികൾക്ക് കഞ്ചാവ് വിറ്റ എറിയാട് സ്വദേശി വലിയ വീട്ടിൽ അഷ്‌കർ, ശ്രീനാരായണപുരം ആല ത്രിവേണി സ്വദേശി പനങ്ങാട്ട് വീട്ടിൽ സിഗേഷ് എന്നിവരെ കൊടുങ്ങല്ലൂർ എക്‌സൈസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്ക് കഞ്ചാവ് വിറ്റ കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്‌കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് എക്‌സൈസ് സംഘം എത്തിയത്. ഇവർ നടത്തിയ ചോദ്യം ചെയ്യലിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തി. തുടർന്ന് കഞ്ചാവിന്റെ പണം നൽകാനെന്ന പേരിൽ വിദ്യാർത്ഥിനികളെ കൊണ്ട് വിളിപ്പിച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. യുവാക്കളിൽ നിന്ന് കഞ്ചാവ് പൊതികളും കണ്ടെടുത്തു. എന്നാൽ പ്രതികൾക്കെതിരെ എക്‌സൈസ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയത് വിവാദമായി. കുട്ടികൾക്ക് പാൻമസാല വിൽക്കുന്നവർക്കെതിരെ പോലും പൊലീസിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്യാം. അതിനിടെയാണ് സ്കൂളിൽ കഞ്ചാവ് വിറ്റതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയത്..