ആറ്റൂർ രവിവർമ്മ ഒറ്റത്തിരിഞ്ഞ് നിൽക്കുന്ന കവിയാണ്. ആധുനികതയുടെ കാവ്യ സ്വഭാവം എഴുതി തുടങ്ങിയ കാലത്ത് ആ കവിതകൾ പ്രചരിപ്പിച്ചിരുന്നെങ്കിലും അത് കുറെ ചെന്നപ്പോൾ തന്റേത് മാത്രമായ കാവ്യരൂപങ്ങളായി മാറി. ഒറ്റയ്ക്കാണ് ആറ്റൂരിന്റെ യാത്ര. ആരും കൂടെയില്ല. വാക്കുകൾ ഉപയോഗിക്കുന്നിടത്തും ഭാഷ പ്രയോഗിക്കുന്നിടത്തും ആ വേർപിരിയൽ നമുക്ക് അനുഭവപ്പെടും. എഴുപതുകളിൽ മലയാളത്തിലെ എഴുത്തുകാർ അനുഭവിച്ച ക്ഷോഭവും വിങ്ങലും ആറ്റൂർ കവിതകളിലും കാണാം. എന്നാൽ ക്ഷോഭിക്കുന്ന മനസിനൊപ്പം സ്വയം ഗൃഹാതുരുത്വമാവുകയെന്ന ശീലം ആ കവിതകളിൽ പുലർത്തിയിരുന്നു.

കുറച്ച് വാക്കുകൾ കൊണ്ട് വലിയ ഭാവനാ ലോകം സൃഷ്ടിച്ച കവിയാണ് ആറ്റൂർ. നഗരത്തിൽ ഒരു യക്ഷൻ, അവൻ ഞാനല്ല, സംക്രമണം, മേഘരൂപൻ തുടങ്ങിയ കവിതകളാണ് ആറ്റൂരിനെ ശ്രദ്ധേയനാക്കിയത്. സൂക്ഷ്മ തലത്തിലേക്ക് വായനയെ കൊണ്ടു പോകുന്ന കവിതകളാവ. സൂക്ഷ്മത ഒരർത്ഥത്തിൽ ജീവിതത്തിന്റെ സൂക്ഷ്മത തന്നെയാണ്. തന്റെ ചുറ്റുപാടുകൾ, മനുഷ്യ ജീവിതം എന്നിവയിൽ ഇടപെടുന്ന കവി ഒരു ഇരുളിനെ കാത്തുസൂക്ഷിക്കുന്നതായി തോന്നും. ആ ഇരുട്ട് പ്രകാശത്തിലേക്കുള്ള പടരലാണ്.

അവൻ ഞാനല്ലായെന്ന കവിതയിൽ ഇരുണ്ട ഒരു ലോകം ആവിഷ്‌കരിക്കപ്പെടുന്നു. നിഷേധാത്മകമായ അനുഭൂതിയും അത് പങ്കുവെയ്ക്കുന്നു. സമൂഹത്തെയും ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന ഒരു മനോഭാവം ഉണ്ട് ആ കവിതയിൽ. മറ്റു ചില കവിതകളിലും നിഷേധാത്മകമായ ആഖ്യാനചാരുത നമ്മുടെ ശ്രദ്ധയിൽപെടാതിരിക്കില്ല. ആറ്റൂരിന്റെ ആഖ്യാന രാഷ്ട്രീയം വിഭിന്നമാണ്. കവിതയുടെ രചനാ ശിൽപ്പത്തിലാണ് ആറ്റൂരിന്റെ ശ്രദ്ധ. ഒരു അനുഭവം അല്ലെങ്കിൽ വികാരം കാവ്യരൂപത്തിൽ ആവിഷ്‌ക്കരിക്കപ്പെടുന്നു. ഉചിതമായ വാക്കുകൾ കണ്ടെത്തി മിനുക്കി എടുത്ത് ചേർത്ത് വയ്ക്കുകയാണ് പതിവ്. അത് പുതിയ ഭാവവും അർത്ഥവും നൽകുന്നു. കവിതയ്ക്ക് ഒരു ഗൃഹം പണിയുകയാണ് ആറ്റൂർ. നമ്മുടെ സാഹിത്യത്തിൽ ഗൗരവമായ അന്വേഷണങ്ങൾ ഉണ്ടായിട്ടുള്ളത് കാൽപനികതയെ കുറിച്ചാണ്. അത് നമ്മുടെ സംസ്‌കാരത്തിന്റെ രീതിയാണ്. അതായത് അവനവന്റെ സംസ്‌കൃതിയെ തിരിച്ചറിയുക ആറ്റൂർ ലക്ഷ്യമാക്കുന്നു. ആ കാൽപനികതയ്ക്കും ഒരു പ്രത്യേകത ഉണ്ട്. കുമാരനാശനോളം അത് ചെന്ന് നിൽക്കുന്നു. ആറ്റൂർ കവിതകൾ കാലത്തെ അതിജീവിക്കുമെന്ന് തീർച്ച.